രാജ്യത്തെ കർഷകർക്ക് 17,000 കോടി രൂപ നൽകി -മോദി
text_fieldsന്യൂഡൽഹി: പ്രതിവർഷം 6,000 രൂപ നൽകുന്ന പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 8.5 കോടി കർഷകർക്ക് 17,100 കോടി രൂപ കൈമാറിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജന പദ്ധതിയുടെ ഭാഗമായാണ് തുക നൽകിയത്.
2018ൽ ആരംഭിച്ച പദ്ധതിയുടെ ആറാം ഗഡുവാണിത്. ഇതുവരെ 10 കോടിയിലധികം കർഷകർക്ക് പദ്ധതിയിലൂടെ 90,000 കോടി രൂപ നേരിട്ട് നൽകിയതായി സർക്കാർ അവകാശപ്പെടുന്നു. ഇടനിലക്കാരോ കമ്മിഷനോ ഇല്ലാതെ ഈ തുക കർഷകരിലെത്തിക്കാൻ കഴിഞ്ഞതിൽ താൻ സംതൃപ്തനാണെന്ന് മോദി പറഞ്ഞു. വിഡിയോ കോൺഫറൻസിലൂടെയാണ് തുക കൈമാറ്റം ഉദ്ഘാടനം ചെയ്തത്.
'പിഎം-കിസാൻ നിധിയുടെ 17,000 കോടി രൂപ ഒരൊറ്റ ക്ലിക്കിലൂടെ 8.5 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് നിക്ഷേപിച്ചു. ഇടനിലക്കാരോ കമ്മീഷനോ ഇല്ലാതെ നേരിട്ട് കർഷകരിലേക്ക് പോയി. പദ്ധതിയുടെ ലക്ഷ്യം പൂർത്തീകരിക്കപ്പെടുന്നതിൽ ഞാൻ സംതൃപ്തനാണ്'- പ്രധാനമന്ത്രി പറഞ്ഞു.
ഒരു ലക്ഷം കോടി രൂപയുടെ മൂലധനമുള്ള അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പദ്ധതിയും വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി ഫാമിങ്ങും കാർഷിക വിളകളുടെ കോൾഡ് സ്റ്റോറേജ്, സംഭരണകേന്ദ്രം, സംസ്കരണ യൂണിറ്റുകൾ എന്നിവ സജ്ജീകരിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.