പ്രധാനമന്ത്രി മൗനം വെടിയണം; വർഗീയ കലാപങ്ങളെ അപലപിക്കണം- അശോക് ഗെഹ്ലോട്ട്
text_fieldsജയ്പൂർ: രാജ്യത്ത് നടക്കുന്ന വർഗീയ കലാപങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് കുറ്റപ്പെടുത്തി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ജയ്പൂരിലെ തന്‍റെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
രാജ്യത്ത് വർഗീയ കലാപങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്. ഇതേക്കുറിച്ച് വാ തുറക്കാനോ അവയെ അപലപിക്കാനോ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
കരൗലിയിൽ രാമനവമി ഘോഷയാത്രക്കിടെയുണ്ടായ വർഗീയ കലാപത്തിൽ ഭാഗ്യവശാൽ ആരും കൊല്ലപ്പെട്ടിട്ടില്ല. യുവമോർച്ച അധ്യക്ഷൻ ഉൾപ്പടെയുള്ള ബി.ജെ.പിയുടെ നേതാക്കൾ അക്രമം നടക്കുന്ന അവരുടെ സ്വന്തം സംസ്ഥാനത്തെ പ്രദേശങ്ങൾ സന്ദർശിക്കാൻ തയാറാകണമെന്നും ഗെഹ്ലോട്ട് ആവശ്യപ്പെട്ടു.
അതേസമയം, രാജസ്ഥാനിൽ നടന്ന വർഗീയ കലാപങ്ങളിൽ ബി.ജെ.പി കോൺഗ്രസിനെ കുറ്റപ്പെടുത്തി. കരൗലിയിൽ നടന്ന കലാപം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും അക്രമം നിയന്ത്രിക്കുന്നതിൽ രാജസ്ഥാൻ സർക്കാർ പരാജയപ്പെട്ടുന്നും ബി.ജെ.പി ആരോപിച്ചു.
ഇന്‍റലിജൻസ് വിഭാഗത്തിന് വ്യക്തമായ വീഴ്ചയുണ്ടായി. ഇത്തരമൊരു കലാപം ഉണ്ടാകുമെന്ന് പൊലീസിന് ഇന്‍റലിജൻസ് റിപ്പോർട്ട് ലഭിച്ചില്ലായിരുന്നോയെന്ന് കരൗലിയിലെ ബി.ജെ.പി എം.പി മനോജ് രജോറിയ ചോദിച്ചു.
കരൗലിയിൽ ആർ.എസ്.എസ് പ്രവർത്തകർ നടത്തിയ ശോഭയാത്രക്കിടെയാണ് ആക്രമണം ഉണ്ടായത്. ശോഭ യാത്ര ന്യൂനപക്ഷ സമുദായം തിങ്ങി പാർക്കുന്ന ഹത്‌വാഡയിലെത്തിയപ്പോണ് കല്ലേറുണ്ടാകുന്നതും തുടർന്ന് കരൗലിയിൽ തീപിടിത്തമുണ്ടാകുന്നതും. നിരവധി കടകളും എഴുപതിലധികം വാഹനങ്ങളുമാണ് കലാപത്തിനിടെ കത്തി നശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.