കച്ചത്തീവ് വിട്ടുകൊടുത്ത കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് മോദി
text_fieldsന്യൂഡൽഹി: ഇന്ത്യക്കും ശ്രീലങ്കക്കുമിടയിൽ പാക് കടലിടുക്കിലുള്ള കച്ചത്തീവ് ദ്വീപ് അഞ്ച് പതിറ്റാണ്ട് മുമ്പ് ശ്രീലങ്കക്ക് വിട്ടുകൊടുത്തത് തെരഞ്ഞെടുപ്പിൽ വിഷയമാക്കാനൊരുങ്ങി ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. കച്ചത്തീവ് കൈമാറാനുള്ള അന്നത്തെ ഇന്ദിര ഗാന്ധി സർക്കാറിന്റെ തീരുമാനത്തെക്കുറിച്ച് തമിഴ്നാട് ബി.ജെ.പി പ്രസിഡന്റ് കെ. അണ്ണാമലൈക്ക് ലഭിച്ച വിവരാവകാശ മറുപടി ടൈംസ് ഓഫ് ഇന്ത്യ പത്രം വാർത്തയാക്കിയിരുന്നു. ഈ റിപ്പോർട്ട് ഉദ്ധരിച്ചാണ് മോദി കോൺഗ്രസിനെതിരെ സമൂഹമാധ്യമമായ എക്സിൽ വിമർശനമുന്നയിച്ചത്.
115 ഹെക്ടർ വിസ്തീർണമുള്ള കച്ചത്തീവ് ദ്വീപ് കോൺഗ്രസ് നിസ്സാരമായി ശ്രീലങ്കക്ക് വിട്ടുകൊടുത്തതിനെക്കുറിച്ച് വെളിപ്പെടുത്തുന്നതാണ് പുതിയ വസ്തുതകളെന്ന് മോദി പറഞ്ഞു. കണ്ണ് തുറപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമാണിത്. ഇക്കാര്യം ഓരോ ഇന്ത്യക്കാരനെയും രോഷാകുലരാക്കുന്നു. കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്ന് ജനങ്ങളുടെ മനസ്സിൽ വീണ്ടും ഉറപ്പിക്കുന്ന വാർത്തയാണിതെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും താൽപര്യങ്ങളും ദുർബലപ്പെടുത്തുന്നതാണ് 75 വർഷമായി കോൺഗ്രസിന്റെ പ്രവർത്തനരീതിയെന്നും മോദി കൂട്ടിച്ചേർത്തു. കച്ചത്തീവ് ഇന്ത്യക്ക് വിട്ടുതരണമെന്ന് മുഖ്യമന്ത്രിയായിരുന്ന ജയലളിത ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ്, ഡി.എം.കെ സഖ്യത്തിൽ കുത്തിത്തിരിപ്പുണ്ടാക്കുന്നതിന്റെ ഭാഗമായാണ് കച്ചത്തീവ് വിഷയം മോദിയടക്കം പ്രചാരണ വിഷയമാക്കുന്നതെന്ന് രാഷ്ട്രീയനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
മോദിക്ക് പിന്നാലെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ നേരത്തേ കച്ചത്തീവിൽ പോയിരുന്നുവെങ്കിലും ഇന്ത്യ ശ്രീലങ്കയുമായി കരാർ ഒപ്പുവെച്ചശേഷം അങ്ങോട്ട് കടക്കാൻ കഴിഞ്ഞില്ലെന്ന് സുധാംശു ത്രിവേദി പറഞ്ഞു.
കച്ചത്തീവ്: കാരണം മോദിയുടെ നിരാശ -ഖാർഗെ
ന്യൂഡൽഹി: 50 വർഷം മുമ്പ് കോൺഗ്രസും ഇന്ദിര ഗാന്ധിയും കച്ചത്തീവ് ദ്വീപ് ശ്രീലങ്കക്ക് നിസ്സാരമായി വിട്ടുകൊടുത്തുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 10 വർഷത്തെ ഭരണത്തിനിടെ കച്ചത്തീവ് തിരിച്ചുപിടിക്കാൻ മോദി എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് ഖാർഗെ ചോദിച്ചു. തെരഞ്ഞെടുപ്പിന് മുമ്പായി വൈകാരിക വിഷയം ഉന്നയിക്കുന്നത് മോദിയുടെ നിരാശയാണ് കാണിക്കുന്നതെന്നും കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു. കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ 20 പേർ വീരമൃത്യു വരിച്ചിട്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രി ചൈനക്ക് ക്ലീൻ ചിറ്റ് നൽകിയതെന്നും അദ്ദേഹം ചോദിച്ചു.
1974ൽ സൗഹൃദ കരാറിന്റെ ഭാഗമായാണ് കച്ചത്തീവ് ദ്വീപ് ശ്രീലങ്കക്ക് നൽകിയത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള അതിർത്തി കരാർ ഹൃദയങ്ങളുടെ കൂടിക്കാഴ്ചയാണെന്ന് 2015ൽ മോദി പറഞ്ഞതും ഖാർഗെ ഓർമിപ്പിച്ചു. കരാറിലൂടെയാണ് കച്ചത്തീവ് ശ്രീലങ്കക്ക് കൈമാറിയതെന്നും തിരിച്ചുകിട്ടണമെങ്കിൽ യുദ്ധത്തിന് ഇറങ്ങേണ്ടിവരുമെന്നും ഒന്നാം മോദി സർക്കാറിന്റെ അറ്റോണി ജനറൽ മുകുൾ റോത്തഗി സുപ്രീംകോടതിയിൽ പറഞ്ഞതും ഖാർഗെ ഓർമിപ്പിച്ചു. ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും വിഘടനവാദ ശക്തികളെ വിജയകരമായി നേരിടാൻ ജീവൻ ത്യജിച്ച കോൺഗ്രസുകാരാണ്. പഞ്ചാബ്, അസം, മിസോറാം, തമിഴ്നാട് എന്നിവ നിലനിർത്തി രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിർത്തിയതും കോൺഗ്രസാണെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
നേട്ടങ്ങളെക്കുറിച്ച് പ്രചാരണം നടത്താൻ ഭയമെന്ന് ഡി.എം.കെ
ചെന്നൈ: കാലഹരണപ്പെട്ട രാഷ്ട്രീയ പ്രചാരണ വിഷയമാണ് ബി.ജെ.പി ഉന്നയിക്കുന്നതെന്ന് ഡി.എം.കെ വക്താവ് എസ്. മനുരാജ്. 50 വർഷത്തോളം പഴക്കമുള്ള വിഷയത്തിൽ സ്വന്തം പാർട്ടിക്കാരൻ നൽകിയ വിവരാവകാശ ചോദ്യവും സ്വന്തം സർക്കാർ നൽകിയ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ള ലേഖനമാണ് പ്രധാനമന്ത്രിയുടെ കണ്ണുതുറപ്പിച്ചത്. 10 വർഷത്തെ ഭരണത്തിനുശേഷവും ബി.ജെ.പി ഭരണനേട്ടങ്ങളെക്കുറിച്ച് പ്രചാരണം നടത്താൻ ഭയപ്പെടുകയാണെന്നും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്ന തിരക്കിലാണെന്നും മനുരാജ് ‘എക്സി’ൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.