രാമക്ഷേത്രം: മോദി ഡിസംബർ 11ന് ശേഷം തീരുമാനമെടുക്കണം -വി.എച്ച്.പി
text_fieldsഅയോധ്യ: രാമക്ഷേത്ര നിർമാണത്തിന്‍റെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 11ന് ശേഷം തീരുമാനമെടുക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് രാമഭദ്രാചാര്യ. ക്ഷേത്രനിർമാണത്തിന് സമ്മർദം ചെലുത്താൻ വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ച ധർമസഭയെ അഭിസംബോധന ചെയ്താണ് രാമഭദ്രാചാര്യ ഇക്കാര്യം പറഞ്ഞത്.
നവംബർ 23ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുതിർന്ന കേന്ദ്ര മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അദ്ദേഹം ഡിസംബർ 11ന് മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും. അന്ന് ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും രാമഭദ്രാചാര്യ പറഞ്ഞു.
നിരവധി വി.എച്ച്.പി, ആർ.എസ്.എസ് പ്രവർത്തകരാണ് ധർമസഭയിൽ പങ്കെടുത്തത്. രാവിലെ 11ന് ആരംഭിച്ച ധർമസഭയിൽ രണ്ടു ലക്ഷം പേർ പെങ്കടുക്കുമെന്ന് സംഘാടകർ അവകാശപ്പെട്ടിരുന്നു. ഇതോടനുബന്ധിച്ച് ശിവസേന പ്രസിഡൻറ് ഉദ്ധവ് താക്കെറ ശനിയാഴ്ച നഗരത്തിലെത്തി പ്രവർത്തകർക്കൊപ്പം സരയൂ നദിക്കരയിൽ ആരതി നടത്തിയിരുന്നു. ബി.ജെ.പി അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും രാമക്ഷേത്രം പണിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ വികാരത്തെ വെച്ച് കളിക്കുന്നത് ബി.ജെ.പി നിർത്തണം. അവർക്ക് രാമക്ഷേത്ര നിർമാണം നടത്താൻ സാധിക്കുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു.
ധർമസഭക്ക് മുന്നോടിയായി അയോധ്യയിൽ കർശന സുരക്ഷയാണ് ഒരുക്കിയത്. 42 കമ്പനി സായുധ സേനാംഗങ്ങൾ, അഞ്ച് കമ്പനി ദ്രുതകർമ സേന, എ.ടി.എസ് കമാൻഡോകൾ, 700 പൊലീസ് കോൺസ്റ്റബ്ൾമാർ എന്നിവരാണ് സുരക്ഷാ ചുമതലയിലുണ്ടായിരുന്നത്. ഇത് കൂടാതെ േഡ്രാണുകളടക്കമുള്ള ആധുനിക സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.
1992നു ശേഷം വി.എച്ച്.പി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ചടങ്ങായിരുന്നു ധർമസഭ. കലാപം ഭയന്ന് നിരവധി മുസ്ലിം കുടുംബങ്ങൾ ഒഴിഞ്ഞുപോയതായും റിപ്പോർട്ടുണ്ട്. സംഘർഷഭീതി കാരണം ആളുകൾ ഭക്ഷ്യവസ്തുക്കൾ കൂടുതലായി ശേഖരിച്ചുവെക്കുകയാണെന്നും റിപ്പോർട്ടുണ്ട്. അയോധ്യ സംഘർഷഭരിതമായ അന്തരീക്ഷത്തിലാണെങ്കിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.