'നാം' വെർച്വൽ ഉച്ചകോടിയിൽ ഇന്ന് മോദി പങ്കെടുക്കും
text_fieldsന്യൂഡൽഹി: തിങ്കളാഴ്ച വൈകീട്ട് നടക്കുന്ന 'നാം'(നോൺ അലൈൻമെന്‍റ് മൂവ്മെന്‍റ്) വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. കോവിഡ് 19 മഹാമാരിയെ ഒറ്റക്കെട്ടായി പ്രതിരോധിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം സംഘടിപ്പിച്ചിട്ടുള്ളത്. തിങ്കളാഴ്ച ഇന്ത്യൻ സമയം 4.30ഓടെ നടക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പങ്കെടുക്കും.
2014ൽ പ്രധാനമന്ത്രിയായതിനുശേഷം മോദി പങ്കെടുക്കുന്ന ആദ്യ 'നാം' ഉച്ചകോടിയാണിത്. വിദേശനയത്തിൽ ഇന്ത്യയുടെ നയവ്യതിയാനമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് രാഷ്ട്രീയ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാൽ ഉച്ചകോടി ഏറെ രാഷ്ട്രീയപ്രധാന്യം അർഹിക്കുന്നു. എന്നാൽ ഉച്ചകോടി എന്നതിലുപരി കോവിഡിനെ നേരിടുന്നതിനുള്ള ലോകരാജ്യങ്ങളുടെ കൂട്ടായ്മ എന്ന രീതിയിൽ മാത്രമാണ് പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുക്കുന്നതെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. യോഗത്തിൽ ഇന്ത്യയുടെ കോവിഡ് സ്ട്രാറ്റജിയെക്കുറിച്ച് മോദി സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2016ലും 2019ലും നടന്ന ഉച്ചകോടികളിൽ മോദി പങ്കെടുത്തിരുന്നില്ല. യഥാക്രമം വെനിസ്വേലയിലും അസർബൈജാനിലും നടന്ന ഉച്ചകോടികളിൽ വൈസ് പ്രസിഡന്‍റാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. 2012 ൽ നടന്ന ഉച്ചകോടിയിൽ അന്നത്തെ പ്രധാനമന്ത്രിയായ മൻമോഹൻസിങ് പങ്കെടുത്തിരുന്നു.
ഇതിന് പുറമെ ജി20, ബ്രിക്സ്, സാർക് രാജ്യങ്ങളും കൊറോണ വൈറസിനെ ഒരുമിച്ച് നേരിടാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ വേണ്ടി വിഡിയോ കോൺഫറൻസുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള 3.5 ദശലക്ഷം പേർ വൈറസ് ബാധിതരാകുകയും 2,74,431 പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലോകസംഘടനകൾ യോഗം ചേരുന്നത്.
അമേരിക്ക അംഗമല്ലാത്ത വികസ്വര രാജ്യങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് 'നാം'. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 120 രാജ്യങ്ങളാണ് 'നാം'ലെ അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.