യുക്രെയ്ൻ വിദ്യാർഥികളോട് മുൻസർക്കാറുകളെ കുറ്റം പറഞ്ഞ് മോദി; 'എന്നോട് രോഷം പ്രകടിപ്പിച്ചവരോട് സഹതാപം'
text_fieldsന്യൂഡൽഹി: യുക്രെയ്നിലെ യുദ്ധക്കെടുതിയിൽനിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർഥികളോട്, അവരുടെ ഈ അവസ്ഥക്ക് കാരണം മുൻ സർക്കാറുകളുടെ കഴിവുകേടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാർഥികളുമായി വാരണാസിയിൽവെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി മുൻസർക്കാറുകളെ കുറ്റപ്പെടുത്തിയത്. രാജ്യത്ത് തുടക്കം മുതൽ ശരിയായ മെഡിക്കൽ വിദ്യാഭ്യാസ നയങ്ങളുണ്ടായിരുന്നെങ്കിൽ വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകാൻ നിർബന്ധിതരാകുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
"വിദൂര രാജ്യത്ത്, ഇത്രയും ചെറുപ്പത്തിൽ, തനിയെയാണ് കടുത്ത അനുഭവങ്ങളിലൂടെ നിങ്ങൾ കടന്നുപോകേണ്ടി വന്നത്. നിങ്ങൾ എത്രമാത്രം മാനസിക ക്ലേശം അനുഭവിച്ചുവെന്ന് എനിക്ക് ഊഹിക്കാനാകും. ഏറെ ബുദ്ധിമുട്ടിയാണെങ്കിലും സർക്കാർ ഇപ്പോൾ വിദ്യാർത്ഥികളെ അവിടെനിന്ന് ഒഴിപ്പിച്ച് കൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യം ശക്തമാകണം, ഈ ബുദ്ധിമുട്ടുകൾക്കെല്ലാം പരിഹാരം അതിലാണ്. നമ്മുടെ രാജ്യത്തിന് തുടക്കം മുതൽ ശരിയായ മെഡിക്കൽ വിദ്യാഭ്യാസ നയങ്ങൾ ഉണ്ടായിരുന്നെങ്കിൽ, നിങ്ങൾ ആരും പുറത്തുപോകേണ്ടി വരില്ലായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു" മോദി പറഞ്ഞു.
യുക്രെയ്നിൽനിന്ന് ഒഴിപ്പിക്കാൻ വൈകിയതിന് പ്രധാനമന്ത്രിയോടും സർക്കാരിനോടും രോഷം പ്രകടിപ്പിച്ചവരോട് സഹതാപമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'തന്നോടും സർക്കാരിനോടും രോഷം പ്രകടിപ്പിച്ച വിദ്യാർത്ഥികളോടും അവരുടെ കുടുംബങ്ങളോടും തനിക്ക് സഹതാപമുണ്ട്. ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ അത്തരം വികാരങ്ങൾ സ്വാഭാവികമാണ്. എന്നാൽ, അത് അധികകാലം നിലനിൽക്കില്ല.' -അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയുമെന്ന എല്ലാ പ്രതീക്ഷകളും തങ്ങൾ ഉപേക്ഷിച്ചിരുന്നതായി കൂടിക്കാഴ്ചയിൽ പങ്കെടുത്ത ഒരു വിദ്യാർത്ഥി പ്രധാനമന്ത്രിയോട് പറഞ്ഞു. 'ഞങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്ത വിമാനങ്ങൾ റദ്ദാക്കി. എന്നാൽ, ഇന്ത്യൻ എംബസിയും സർക്കാരും ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയപ്പോൾ പുതിയ പ്രതീക്ഷ ലഭിച്ചു. ഇന്ത്യൻ ഗവൺമെന്റിന് നന്ദി... ഇന്ത്യൻ ഗവൺമെന്റിന്റെ സഹായമില്ലാതെ ഞങ്ങൾക്ക് സുരക്ഷിതമായി തിരിച്ചുവരാൻ കഴിയുമായിരുന്നുവെന്ന് ഞാൻ കരുതുന്നില്ല' -വിദ്യാർഥി പറഞ്ഞു.
"നമ്മുടെ ഇന്ത്യ വളരെ വലുതാണ്, മറ്റ് രാജ്യങ്ങളിലെ ആളുകൾ പലായനത്തിനായി ഇന്ത്യൻ പതാകയാണ് ഉപയോഗിക്കുന്നത്" മറ്റൊരു വിദ്യാർഥി പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളാണ് യുക്രെയ്നിൽ മരിച്ചത്. ഇന്ന് ഒരു വിദ്യാർഥിക്ക് വെടിയേൽക്കുകയും ചെയ്തിട്ടുണ്ട്. സർക്കാരിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ 17,000 ഇന്ത്യൻ പൗരന്മാർ യുക്രെയ്ൻ വിട്ടു. മാർച്ച് 10 ഓടെ സംഘർഷമേഖലയിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ ഇന്ത്യൻ പൗരന്മാരെയും ഒഴിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.