രണ്ടാം എൻ.ഡി.എ സർക്കാർ രാജിവെച്ചു; രാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറി
text_fieldsന്യൂഡൽഹി: പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി ബി.ജെ.പി നേതൃത്വം നൽകുന്ന രണ്ടാം എൻ.ഡി.എ സർക്കാർ രാജിവെച്ചു. രാജിക്കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറി.
രാജി സ്വീകരിച്ച രാഷ്ട്രപതി പുതിയ സർക്കാർ അധികാരത്തിലേറുന്നത് വരെ മന്ത്രിസഭ തുടരാൻ ആവശ്യപ്പെട്ടു. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് രാജിക്കത്ത് നൽകാനായി പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിലെത്തിയത്. തുടർനടപടിയുടെ ഭാഗമായി 2019 മുതൽ 2024 വരെയുള്ള പതിനേഴാം ലോക്‌സഭ പിരിച്ചുവിട്ട് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കും.
മൂന്നാം എൻ.ഡി.എ സർക്കാർ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. എൻ.ഡി.എ എം.പിമാരുടെ യോഗം ഏഴാം തീയതി ഡൽഹിയിൽ ചേരും. തെലുങ്ക് ദേശം പാർട്ടിയും (ടി.ഡി.പി) ജനതാദൾ യുനൈറ്റഡും (ജെ.ഡി.യു) സർക്കാർ രൂപീകരണത്തിന് ബി.ജെ.പിയെ പിന്തുണക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ 543 സീറ്റിൽ 240 സീറ്റിൽ ബി.ജെ.പിയും 99 സീറ്റിൽ കോൺഗ്രസും വിജയിച്ചിരുന്നു. 2019ലെ തെരഞ്ഞെടുപ്പിൽ 303 സീറ്റും 2014ൽ 282 സീറ്റുമാണ് ബി.ജെ.പി നേടിയിരുന്നത്. 2019ൽ കോൺഗ്രസ് 52 സീറ്റും 2014ൽ 44 സീറ്റും നേടി.
ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ 291 സീറ്റിലും ഇൻഡ്യ സഖ്യം 231 സീറ്റിലും മറ്റുള്ളവർ 18 സീറ്റിലും വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.