രാജ്യം തുറക്കുന്നു; കനത്ത ജാഗ്രത വേണം –മോദി
text_fieldsന്യൂഡൽഹി: കോവിഡ് ഉയർത്തുന്ന കനത്ത ഭീഷണിക്കിടയിലും രാജ്യത്ത് സമ്പദ്വ്യവസ്ഥ തിരിച്ചുവരികയും പൊതുഗതാഗതം ആരംഭിക്കുകയും ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നേരന്ദ്ര മോദി. സമ്പദ്വ്യവസ്ഥയുടെ പ്രധാന മേഖലകളെല്ലാം പുനരാരംഭിക്കുകയാണ്. റോഡ്, റെയിൽ, വിമാന ഗതാഗതം ആരംഭിച്ചു. രാജ്യം സാധാരണ നിലയിലേക്ക് മടങ്ങുേമ്പാൾ ജനം അതീവ ജാഗ്രത പുലർത്തണമെന്നും ലോക്ഡൗണിെൻറ നാലാം ഘട്ടത്തിെൻറ അവസാന ദിനം നടത്തിയ ‘മൻ കി ബാത്തി’ൽ പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ പ്രാവശ്യം മൻ കി ബാത്ത് നടത്തുേമ്പാൾ ട്രെയിനുകളും ബസുകളും വിമാനങ്ങളും സർവിസ് നടത്തിയിരുന്നില്ല. ഇപ്രാവശ്യം മൻ കി ബാത്ത് നടത്തുേമ്പാൾ ശ്രമിക് അടക്കം സ്പെഷൽ ട്രെയിനുകളും ആഭ്യന്തര വിമാന സർവിസുകളും ബസുകളും സർവിസ് ആരംഭിച്ചിരിക്കുന്നു. വ്യവസായ രംഗവും സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ഇത്തരം സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്തേണ്ടത് ആവശ്യമാണ്. സാധിക്കാവുന്നവരെല്ലാം വീട്ടിനുള്ളിൽ കഴിയണം. പുറത്തിറങ്ങുേമ്പാൾ ആറടി സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം. കോവിഡ് ലോക്ഡൗൺ മൂലം ഏറ്റവും കൂടുതൽ പ്രയാസം അനുഭവിച്ചത് പാവപ്പെട്ടവരും തൊഴിലാളികളുമാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയാസമുണ്ടായെങ്കിലും പാവപ്പെട്ടവരുടെ ദുരിതം വിവരിക്കാനാവാത്തതാണെന്നും മോദി പറഞ്ഞു.
നമ്മുടെ ഗ്രാമങ്ങളും പട്ടണങ്ങളും ജില്ലകളും സംസ്ഥാനങ്ങളും സ്വാശ്രയമായിരുന്നുവെങ്കിൽ ഇന്ന് അനുഭവിക്കുന്ന അത്രയും പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമായിരുന്നില്ല. പ്രതിസന്ധികളെ അതിജീവിക്കൽ മനുഷ്യ സ്വഭാവമാണ്. കോവിഡ് ജനങ്ങളെ സ്വാശ്രയ ശീലത്തിലേക്ക് മാറ്റിയിട്ടുണ്ട്. തദ്ദേശീയ ഉൽപന്നങ്ങൾ ഉപയോഗിക്കാൻ ശീലിച്ചുതുടങ്ങിയിരിക്കുന്നു. സ്വാശ്രയ ഗ്രൂപ്പുകൾ രൂപവത്കരിച്ച് മാസ്ക്കുകൾ അടക്കം ഉൽപാദിപ്പിക്കുന്നു. വിദ്യാഭ്യാസം ഓൺലൈനിലേക്ക് മാറുന്നു. റെയിൽവേ ജീവനക്കാരും കോവിഡ് മുൻനിര പോരാളികളാണെന്ന് മോദി പറഞ്ഞു.
തൊഴിലാളികളെ നാടുകളിലെത്തിക്കാൻ റെയിൽവേ ജീവനക്കാർ നടത്തിയ പരിശ്രമം എടുത്തുപറയണം. മൈഗ്രേഷൻ കമീഷൻ സ്ഥാപിക്കുന്നത് ആലോചിക്കുന്നുണ്ട്. സർക്കാറിെൻറ കോവിഡ് പാക്കേജ് ഗ്രാമീണ തൊഴിൽ, സ്വയം തൊഴിൽ, ചെറുകിട വ്യവസായം എന്നിവക്ക് വലിയ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതാണെന്നും നരേന്ദ്ര മോദി പറഞ്ഞു. അംപൻ ചുഴലിക്കാറ്റിനെ സ്ഥൈര്യത്തോടെ നേരിട്ട പശ്ചിമ ബംഗാളിലെയും ഒഡിഷയിലെയും ജനങ്ങളെയും മൻ കി ബാത്തിൽ അഭിനന്ദിച്ചു. ഇരു സംസ്ഥാനത്തെയും ജനങ്ങൾക്കൊപ്പം രാജ്യത്തെ ജനങ്ങൾ മുഴുവനുമുണ്ടെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.