കോവിഡ്: സർവകക്ഷി യോഗം ഇന്ന്
text_fieldsന്യൂഡൽഹി: രാജ്യത്തെ കോവിഡ് സാഹചര്യങ്ങൾ, വാക്സിൻ ലഭ്യത -വിതരണ സാധ്യതകൾ എന്നിവ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച സർവകക്ഷി യോഗം വെള്ളിയാഴ്ച ഡൽഹിയിൽ നടക്കും. അതേസമയം, ഈ സർവകക്ഷി യോഗത്തിനു പിന്നാലെ ശീതകാല പാർലെമൻറ് സമ്മേളനം വിളിച്ച് സാഹചര്യങ്ങൾ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
വിവാദ കാർഷിക ബില്ലുകൾ പിൻവലിക്കുന്നതിന് പ്രത്യേക പാർലമെൻറ് സമ്മേളനം വിളിക്കണമെന്ന ആവശ്യം കർഷക സംഘടനകൾ മുന്നോട്ടുവെച്ചതിനു പിന്നാലെയാണിത്.
സുപ്രധാന വിഷയങ്ങൾ പാർലമെൻറ് ചർച്ച ചെയ്യേണ്ട സന്ദർഭമാണെങ്കിലും ശീതകാല പാർലമെൻറ് സേമ്മളനം ഉപേക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. കർഷക പ്രക്ഷോഭം, കോവിഡ് സാഹചര്യങ്ങൾ, വാക്സിൻ പദ്ധതി, സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ പെരുപ്പം, അതിർത്തിയിലെ കടന്നുകയറ്റങ്ങൾ തുടങ്ങിയ വിഷയങ്ങൾ പാർലമെൻറ് ചർച്ച ചെയ്യേണ്ടതുണ്ട്.
ശീതകാല സമ്മേളനം ചുരുങ്ങിയ ദിവസങ്ങളിലെങ്കിലും നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിെൻറ ലോക്സഭ നേതാവ് അധിർരഞ്ജൻ ചൗധരി സ്പീക്കർ ഓംബിർലക്ക് കത്തയച്ചു. പാർലമെൻറിെൻറ സ്ഥിരംസമിതികൾക്ക് സമ്മേളിക്കാൻ കഴിയുന്നുവെന്നിരിക്കെ, പാർലെമൻറ് സമ്മേളനം വിളിക്കുന്നതിന് തടസ്സമെന്താണെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ചോദിച്ചു.
സർവകക്ഷി യോഗം വിളിച്ചിട്ടുണ്ടെങ്കിലും 10 എം.പിമാരില്ലാത്ത പാർട്ടികൾക്ക് സംസാരിക്കാൻ അവസരമില്ലെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. ഇക്കാര്യം സൂചിപ്പിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
രാജ്യത്ത് കോവിഡ് രോഗികൾ 95 ലക്ഷം
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം വ്യാഴാഴ്ച 95 ലക്ഷം പിന്നിട്ടു. വ്യാഴാഴ്ച രാവിലെ എട്ടു വരെ 35,551 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെയാണ് എണ്ണം 95 ലക്ഷം കവിഞ്ഞത്. അതേസമയം, ചികിത്സയിലുള്ളവരുടെ എണ്ണം 4,22,943 മാത്രമാണ്. ആകെ രോഗബാധിതരുടെ 4.44 ശതമാനമാണ് നിലവിൽ ചികിത്സയിലുള്ളത്.
ഘട്ടംഘട്ടമായി രോഗികളുടെ എണ്ണം കുറയുന്നതായി കേന്ദ്ര ആരോഗ്യ വകുപ്പ് വെളിപ്പെടുത്തി. പ്രതിദിന കോവിഡ് വ്യാപനം 40,000ത്തിൽ താഴ്ന്നിട്ട് തുടർച്ചയായ മൂന്നാംദിവസമാണ് പിന്നിട്ടത്. അതേസമയം, പ്രതിദിനം രോഗം ഭേദമായവരുടെ എണ്ണം 43,000ത്തിലേറെയാണ്.
526 പേർകൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,38,648 ആയി ഉയർന്നു. രാജ്യത്തെ 80 ശതമാനത്തിനടുത്ത് മരണവും നടക്കുന്നത് വെറും പത്തു സംസ്ഥാനങ്ങളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.