ദണ്ഡിയാത്രയുമായി മോദി; ഗാന്ധിജിയുടെ സബർമതി ആശ്രമത്തിൽ ഇന്ന് ഉദ്ഘാടനം
text_fieldsഅഹ്മദാബാദ്: 75ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന ഒരുവർഷത്തിലേറെ നീണ്ടുനിൽക്കുന്ന 'ആസാദി കാ അമൃത് മഹോത്സവി'ന് ഇന്ന് തുടക്കമാവും. ഇതോടനുബന്ധിച്ച് ഗാന്ധിജിയുടെ സബർമതി ആശ്രമത്തിൽനിന്ന് ദണ്ഡിയിലേക്ക് നടത്തുന്ന 25 ദിന പദയാത്ര ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഗാന്ധിജി നടത്തിയ ദണ്ഡിയാത്രയുടെ 91ാം വാർഷിക ദിനത്തിലാണ് പരിപാടി.
അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽനിന്ന് ഗുജറാത്തിലെ നവസാരി ജില്ലയിലെ ദണ്ഡിയിലേക്കുള്ള 241 മൈൽ ദൂരമാണ് പദയാത്ര നടത്തുക. ആശ്രമത്തിൽ നടക്കുന്ന ചടങ്ങിൽ യാത്രയുടെ ഫ്ലാഗ് ഓഫ് മോദി നിർവഹിക്കും. എല്ലാ വിഭാഗം ജനങ്ങളും പദയാത്രയിൽ പങ്കെടുക്കുമെന്നും ആദ്യ 75 കിലോമീറ്റർ ദൂരം താൻ നയിക്കുമെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പേട്ടൽ പറഞ്ഞു.
ബ്രിട്ടീഷുകാർ ഉപ്പിന് നികുതി ചുമത്തിയതിനെതിരെ നികുതി നിഷേധ സമരത്തിന്‍റെ ഭാഗമായിട്ടായിരുന്നു മഹാത്മാഗാന്ധി ദണ്ഡിയാത്ര നടത്തിയത്. 1930 മാർച്ച് 12ന് ആരംഭിച്ച യാത്രയിൽ 81 പേരായിരുന്നു ഉണ്ടായിരുന്നത്.
2021 മാർച്ച് 12 മുതൽ 2022 ഓഗസ്റ്റ് 15 വരെയാണ് 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കുക. ഇതിന്‍റെ ഭാഗമായി നിരവധി പരിപാടികൾ സംഘടിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി പട്ടേൽ അറിയിച്ചു. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പങ്കാളിത്തത്തോടെ ആഴ്ചതോറും ഒരു പരിപാടി സംഘടിപ്പിക്കും. എല്ലാ പൗരന്മാരുടെയും പങ്കാളിത്തം ഉറപ്പാക്കാൻ സാംസ്കാരിക മന്ത്രാലയവുമായി സഹകരിച്ച് വിവിധ പരിപാടികൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.