പ്രധാനമന്ത്രി ഇന്ന് ജമ്മു-കശ്മീരിൽ; സുരക്ഷ ശക്തം
text_fieldsജമ്മു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജമ്മു-കശ്മീർ സന്ദർശിക്കും. സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതിർത്തികളിലടക്കം സുരക്ഷ ശക്തമാക്കിയതായി ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ദിൽബാഘ് സിങ് അറിയിച്ചു.
ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതിനുശേഷം ആദ്യമായാണ് മോദി ഔദ്യോഗിക പരിപാടികൾക്കായി ജമ്മു-കശ്മീർ സന്ദർശിക്കുന്നത്. ദേശീയ പഞ്ചായത്തീരാജ് ദിനത്തോടനുബന്ധിച്ച് സാന്ത ജില്ലയിലെ പാലി ഗ്രാമത്തിൽ നടക്കുന്ന സമ്മേളനത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുപ്പതിനായിരത്തോളം പഞ്ചായത്ത് അംഗങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
പാലി പഞ്ചായത്തിലെ ഗ്രാമതലവന്മാരുമായി മോദി കൂടിക്കാഴ്ച നടത്തും. കൂടാതെ, 20,000 കോടിയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തും. 3,100 കോടി ചെലവിൽ നിർമാണം പൂർത്തിയാക്കിയ ബനിഹാൽ-ക്വാസിഗുണ്ട് ഭൂഗർഭപാതയും നാടിന് സമർപ്പിക്കും. ഇതോടെ ഇരു മേഖലകളും തമ്മിലുള്ള യാത്ര സമയത്തിൽ ഒന്നര മണിക്കൂർ ലാഭിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.