ഒഡിഷ ട്രെയിൻ ദുരന്തം: പ്രധാനമന്ത്രി അപകടസ്ഥലം സന്ദർശിക്കും
text_fieldsഭുവനേശ്വർ: ട്രെയിൻ അപകടമുണ്ടായ ഒഡിഷയിലെ ബാലസോറിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. അപകടം നടന്ന സ്ഥലത്തേക്കാണ് പ്രധാനമന്ത്രി ആദ്യം സന്ദർശിക്കുകയെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. പിന്നീട് അപകടത്തിൽ പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലേക്ക് പോകും.
ഇന്ന് ഗോവയിൽ വന്ദേ ഭാരത് എക്സ്പ്രസിന്റെ കന്നിയാത്ര ഉദ്ഘാടനം ചെയ്യാനിരുന്നതായിരുന്നു പ്രധാനമന്ത്രി. എന്നാൽ ഒഡിഷ ട്രെയിൻ ദുരന്തത്തിനു പിന്നാലെ പരിപാടി റദ്ദാക്കി. ഒഡിഷയിലെ ട്രെയിൻ ദുരന്തത്തിനു പിന്നാലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരുടെ ഉന്നതലയോഗം വിളിച്ചിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് ട്രെയിൻ അപകടമുണ്ടായത്. ഷാലിമാർ കോറമാണ്ഡൽ എക്സ്പ്രസ് പ്രധാന ലൈനിലൂടെ സഞ്ചരിക്കേണ്ടതിന് പകരം ചരക്ക് ട്രെയിൻ നിർത്തിയിട്ട ലൂപ് ലൈനിലേക്ക് കയറുകയും മണിക്കൂറിൽ 127 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച ട്രെയിൻ ചരക്ക് ട്രെയിനിൽ ഇടിക്കുകയുമായിരുന്നു.
തുടർന്ന് കോച്ചുകൾ പാളം തെറ്റി പ്രധാന ലൈനിലേക്ക് വീണു. ഈ സമയം പ്രധാന ലൈനിലൂടെ വന്ന യശ്വന്ത്പൂർ -ഹൗറ എക്സ്പ്രസ് പാളം തെറ്റിയ കോച്ചുകളിൽ ഇടിച്ച് അവയും പാളം തെറ്റി.അപകടത്തിൽ 238 പേരാണ് മരിച്ചത്. 900ത്തിലേറെ ആളുകൾക്ക് പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.