വൃക്ഷാസനത്തിനു ശേഷം താടാസന; യോഗദിനത്തിനു മുന്നോടിയായി വിഡിയോ പങ്കുവച്ച് പ്രധാനമന്ത്രി
text_fieldsന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗദിനത്തിന് മുന്നോടിയായി വിഡിയോ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘താടാസന’ എന്ന യോഗാസനം ചെയ്യുന്നതിന്റെ അനിമേറ്റഡ് വിഡിയോയാണ് മോദി എക്സിൽ പങ്കുവച്ചത്. ജൂണ്‍ 21നാണ് അന്താരാഷ്‌ട്ര യോഗ ദിനം. താടാസന കൃത്യമായി ചെയ്യുന്നവർക്ക് ശരീരത്തിന്‍റെ കരുത്തു കൂട്ടാനും ബോഡി പോസ്ചർ ശരിയാക്കാനും കഴിയുമെന്ന് ട്വീറ്റിൽ പറയുന്നു.
2 മിനിറ്റ് 18 സെക്കൻഡ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് ഇന്നു പങ്കുവച്ചത്. നീല ടീ ഷര്‍ട്ടും കറുത്ത ട്രാക്ക് പാന്റുമണിഞ്ഞാണ് ഈ വീഡിയോയില്‍ പ്രധാനമന്ത്രി പ്രത്യക്ഷപ്പെടുന്നത്. താടാസന ചെയ്യുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് വിഡിയോയില്‍ വിശദമായി പറയുന്നു. ശാരീരികമായും മാനസികമായും ഇത് ഓരോ വ്യക്തിയേയും സഹായിക്കുമെന്ന് വിഡിയോയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം വൃക്ഷാസനയുടെ വിഡിയോയും പ്രധാനമന്ത്രി പങ്കുവച്ചിരുന്നു. താടാസനക്ക് സമാനമായ ഗുണങ്ങൾ നൽകുന്നതാണ് വൃക്ഷാസനയും. 16 വിവിധ ആസനകൾ അടങ്ങിയ യൂട്യൂബ് പ്ലേ ലിസ്റ്റിന്‍റെ ലിങ്കും മോദി പങ്കുവച്ചിരുന്നു. യോഗദിനത്തിന്‍റെ പത്താം പതിപ്പാണ് ഇത്തവണത്തേത്. ‘സ്ത്രീശാക്തീകരണത്തിന് യോഗ’ എന്നതാണ് ഇത്തവണത്തെ പ്രമേയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.