41,000 കോടിയുടെ റെയിൽ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് മോദി
text_fieldsന്യൂഡൽഹി: 10 വർഷംകൊണ്ട് പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാൻ സർക്കാറിന് കഴിഞ്ഞതായും വന്ദേഭാരത് ട്രെയിൻ ഉൾപ്പെടെ റെയിൽവേയിൽ വലിയ വികസനമാണ് കൊണ്ടുവന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 41,000 കോടിയുടെ റെയിൽ പദ്ധതികൾ വിഡിയോ കോൺഫറൻസിങ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
27 സംസ്ഥാനങ്ങളിലെ 554 റെയിൽവേ സ്റ്റേഷനുകളുടെ പുനരുദ്ധാരണം, മേൽപാലങ്ങളും അടിപ്പാതകളുമടങ്ങുന്ന 1,500 നിർമാണ പ്രവൃത്തികളുടെ ശിലാസ്ഥാപനം, 385 കോടി രൂപ ചെലവില്‍ പുനര്‍വികസിപ്പിച്ച ഉത്തർപ്രദേശിലെ ഗോമതി നഗർ റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം എന്നിവയാണ് തിങ്കളാഴ്ച പ്രധാനമന്ത്രി നിർവഹിച്ചത്.
ട്രെയിനുകളിലെയും സ്റ്റേഷനുകളിലെയും ശുചിത്വം, ട്രാക് വൈദ്യുതീകരണം എന്നിവയിൽ മികച്ച പുരോഗതിയാണുണ്ടായത്. പൗരന്മാര്ക്ക് സുഗമമായ യാത്രമാര്‍ഗമായി റെയില്‍വേ മാറുകയാണ്. റെയില്‍വേ ബജറ്റിലെ തുക 10 വര്‍ഷം മുമ്പ് 45,000 കോടി ആയിരുന്നത് ഇപ്പോൾ 2.5 ലക്ഷം കോടിയായി വർധിച്ചു. വിമാനത്താവളങ്ങളിലേതിന് സമാനമായ ആധുനിക സൗകര്യങ്ങള്‍ ഇപ്പോള്‍ പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും റെയില്‍വേ സ്റ്റേഷനുകളില്‍ ലഭ്യമാക്കുകയാണ്. കാര്‍ഷിക, വ്യവസായിക പുരോഗതിയുടെ ഏറ്റവും വലിയ വാഹകര്കൂടിയാണ് ഇന്ത്യന്‍ റെയില്‍വേയെന്നും മോദി പറഞ്ഞു.
നഗരത്തിന്റെ ഇരു ഭാഗങ്ങളെയും സംയോജിപ്പിക്കുന്ന സിറ്റി സെന്ററുകളായി പുനർനിർമിക്കുന്ന സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുമെന്ന് റെയിൽവെ വ്യക്തമാക്കി. റൂഫ് പ്ലാസ, കുട്ടികളുടെ കളിസ്ഥലം, കിയോസ്ക്കുകള്‍, ഫുഡ് കോര്‍ട്ടുകള്‍ തുടങ്ങിയ ആധുനിക യാത്രസൗകര്യങ്ങള്‍ ഇവയിലുണ്ടാകും. പരിസ്ഥിതി, ഭിന്നശേഷി സൗഹൃദമാക്കും. പ്രാദേശിക സംസ്കാരം, പൈതൃകം, വാസ്തുവിദ്യ എന്നിവയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കും സ്റ്റേഷനുകളുടെ രൂപകൽപന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.