‘മോദി ഒരു നീണ്ട പാട്ടുപാടി, അത് ‘കോൺഗ്രസ്, കോൺഗ്രസ്...’ എന്നായിരുന്നു’
text_fieldsന്യൂഡൽഹി: 51 മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ 44 തവണ കോൺഗ്രസ് പാർട്ടിയെ പരാമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബി.വി. ശ്രീനിവാസ്. മോദി ഒരു നീണ്ട പാട്ടുപാടിയെന്നും അത് ‘കോൺഗ്രസ്, കോൺഗ്രസ്...’ എന്നായിരുന്നുവെന്നും ശ്രീനിവാസ് സാമൂഹിക മാധ്യമമായ എക്സിൽ (മുമ്പ് ട്വിറ്റർ) കുറിച്ചു.
ഭോപാലിൽ നടന്ന യോഗത്തിലായിരുന്നു മോദിയുടെ പ്രസംഗം. ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തിലുടനീളം കോൺഗ്രസിനെ കടന്നാക്രമിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. ഈ വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ മുൻനിർത്തി നടത്തിയ ‘കാര്യകർത്ത മഹാകുംഭ്’ യോഗത്തിലായിരുന്നു മോദിയുടെ പ്രസംഗം.
‘ബി.ജെ.പി 18 വർഷത്തിലേറെയായി ഭരിക്കുന്ന മധ്യപ്രദേശിലെ ഭോപാലിൽ ഇന്നലെ നരേന്ദ്ര മോദി 51 മിനിറ്റ് നീണ്ട പാട്ടുപാടി. അത് ‘കോൺഗ്രസ്, കോൺഗ്രസ്....’എന്നായിരുന്നു. 44 മിനിറ്റിനിടെ 44 തവണ അതാവർത്തിച്ചു. എന്തുകൊണ്ടാണ് അദ്ദേഹം കോൺഗ്രസിൽ ഇത്രമാത്രം ആകൃഷ്ടനായത്?’ -ശ്രീനിവാസിന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു. പ്രസംഗത്തിൽ 44 തവണ കോൺഗ്രസ് എന്ന് മോദി പറയുന്നതിന്റെ വിഡിയോ ഉൾപ്പെടെയായിരുന്നു പോസ്റ്റ്.
കോൺഗ്രസ് നേതാവ് പവൻ ഖേരയും മോദിയുടെ ‘കോൺഗ്രസ് പ്രേമ’ത്തെ കളിയാക്കുന്നു. ‘മധ്യപ്രദേശിൽ 51 മിനിറ്റ് നീണ്ട പ്രസംഗത്തിൽ മോദി 44 തവണ കോൺഗ്രസ് എന്ന് ഉരുവിടുന്നു. 1966ൽ പുറത്തിറങ്ങിയ ‘നീന്ദ് ഹമാരി, ക്വാബ് തുമാരേ’ എന്ന സിനിമയിലേതുപോലെയാണിത്. ബി.ജെ.പി 18 വർഷമായി അധികാരത്തിലിരിക്കുന്ന സംസ്ഥാനത്ത് നിങ്ങൾ കോൺഗ്രസ് എന്ന നാമം 44 തവണ ഉരുവിടുന്നു. മധ്യപ്രദേശ് സർക്കാറിന്റെ നേട്ടങ്ങൾ ‘പൂജ്യം’ ആണെന്നതിന്റെ തെളിവാണിത്’ -എ.ഐ.സി.സി മീഡിയ-പബ്ലിസിറ്റി ഡിപാർട്മെന്റ് ചെയർമാൻ കൂടിയായ പവൻ ഖേര ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.