പ്രധാനമന്ത്രിയുടെ ചെന്നൈ സന്ദർശനം: വരവേൽപ്പും പ്രതിഷേധവും
text_fieldsചെന്നൈ: പ്രധാനമന്ത്രിയുടെ ചെന്നൈ സന്ദർശനത്തോടനുബന്ധിച്ച് വരവേൽപ്പും പ്രതിഷേധവും. ഡി.എം.കെ സർക്കാർ അധികാരത്തിലേറിയതിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ഔദ്യോഗിക സന്ദർശനമായിരുന്നു ഇത്.
വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ഹൈദരാബാദിൽനിന്ന് പ്രത്യേക വിമാനത്തിൽ മോദി ചെന്നൈയിലെത്തിയത്. പിന്നീട് നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ 31,400 കോടിയുടെ 11 വികസന പദ്ധതികൾക്ക് തുടക്കമിട്ടു. തമിഴ്നാട് ഗവർണർ ആർ.എൻ രവിയും മുഖ്യമന്ത്രി എം.കെ സ്റ്റാലിനും സംബന്ധിച്ചു.
മോദിയുടെ തമിഴക സന്ദർശനത്തെ സ്വാഗതം ചെയ്തും എതിർത്തും 'വണക്കം മോദി', 'മോദി ഗോബാക്' തുടങ്ങിയ ഹാഷ്ടാഗുകളും സാമുഹിക മാധ്യമങ്ങളിൽ ട്രെൻഡിങ്ങായി.
മോദിക്കെതിരായി 'മോദി ഗോബാക്' എന്നെഴുതിയ ഭീമൻ കറുത്ത ബലൂണുകൾ ആകാശത്തേക്ക് പറത്തിവിടാനുള്ള വിവിധ തമിഴ് സംഘടനാ പ്രവർത്തകരുടെ നീക്കം പൊലീസ് തടഞ്ഞിരുന്നു. 'വണക്കം മോദി, വാങ്ക മോദി' എന്നെഴുതിയ കൂറ്റൻ ഹീലിയം ബലൂണുകൾ പറപ്പിക്കാനുള്ള ബി.ജെ.പി പ്രവർത്തകരുടെ പരിപാടിക്കും പൊലീസ് അനുമതി നിഷേധിച്ചു.
ചെന്നൈ അഡയാറിൽനിന്ന് നെഹ്റു സ്റ്റേഡിയം വരെ പ്രധാനമന്ത്രി കടന്നുവരുന്ന അഞ്ച് കിലോമീറ്റർ ദൂരം വരുന്ന റൂട്ടിൽ പരമ്പരാഗത വാദ്യഘോഷങ്ങളും നൃത്ത കലാരൂപങ്ങളുമായാണ് ബി.ജെ.പി പ്രവർത്തകർ വരവേറ്റത്. ചില സ്ഥലത്ത് കാർ നിർത്തി മോദി കൈവീശി പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ചു. കേന്ദ്രമന്ത്രി എൽ. മുരുകന്‍റെ സ്വാഗത പ്രസംഗത്തിനിടെ സ്റ്റാലിന്‍റെ പേര് പറഞ്ഞപ്പോൾ ഉണ്ടായ നീണ്ടകരഘോഷം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
നെഹ്റു സ്റ്റേഡിയത്തിന് സമീപം ഡി.എം.കെ പ്രവർത്തകർ മുഖ്യമന്ത്രി സ്റ്റാലിനും ബി.ജെ.പി പ്രവർത്തകർ മോദിക്കും അനുകൂലമായി മുദ്രാവാക്യംവിളിച്ചത് സംഘർഷത്തിനിടയാക്കി. പിന്നീട് ഇരുകൂട്ടരെയും പൊലീസ് ഇടപ്പെട്ട് ശാന്തരാക്കി. മോദിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിടുതലൈ ശിറുതൈകൾ കക്ഷി, സി.പി.എം, സി.പി.ഐ എന്നിവയുടെ ആഭിമുഖ്യത്തിൽ മെയ് 25 മുതൽ 31 വരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 20,000ത്തോളം പൊലീസുകാരെയാണ് പ്രധാനമന്ത്രിയുടെ സുരക്ഷാഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.