ക്രിസ്ത്യാനികളെ ബി.ജെ.പി സേവിക്കുന്നത് എങ്ങനെയാണെന്ന് കേരളത്തിന് കാണിച്ചുകൊടുക്കണം -മോദി
text_fieldsന്യൂഡൽഹി: ക്രിസ്ത്യൻ സമുദായത്തിന്റെ താൽപര്യങ്ങൾ ബി.ജെ.പി സംരക്ഷിക്കുന്നത് എങ്ങനെയാണെന്ന് കാണിച്ചുകൊടുക്കാൻ കേരളം സന്ദർശിക്കണമെന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള പാർട്ടിയിലെ ക്രിസ്ത്യൻ നേതാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഞായറാഴ്ച ഹൈദരാബാദിൽ നടന്ന ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ നിർദേശം.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിരവധി ബി.ജെ.പി നേതാക്കളും ഭാരവാഹികളും ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ളവരാണെന്നും അവർ തെക്കൻ സംസ്ഥാനമായ കേരളത്തിൽ പരിപാടികൾ സംഘടിപ്പിക്കണമെന്നുമാണ് മോദി ഊന്നിപ്പറഞ്ഞത്. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കേരളത്തിൽ പാർട്ടിക്ക് വേരുറപ്പിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് മോദിയുടെ പുതിയ നിർദേശം. ഇതിനുപുറമെ ക്രിസ്ത്യാനികൾക്കെതിരെ സംഘപരിവാർ നടത്തുന്ന ആക്രമണങ്ങളെകുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്തടക്കം ആഞ്ഞടിച്ചിരുന്നു. മുസ്‍ലിം, ക്രിസ്ത്യൻ മതന്യൂനപക്ഷത്തിന് എതിരെ വലിയ തോതിൽ ആക്രമണം പ്ലാൻ ചെയ്യുകയാണ് സംഘ്പരിവാറെന്നും കേന്ദ്രം ഭരിക്കുന്നവർ അതിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നുമാണ് പിണറായി പറഞ്ഞത്. സംഘ്പരിവാർ അവരുടേതായ ലോകമാണ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നും അതിൽ സ്ഥാനമില്ലാത്തവരെ നിഷ്കാസനം ചെയ്യാനാണ് ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ക്രിസ്ത്യാനികളെ കൈയിലെടുക്കാൻ മോദിയുടെ ആഹ്വാനം.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ക്രിസ്ത്യൻ നേതാക്കൾ പങ്കെടുക്കുന്ന ഒരു സമ്മേളനം കേരളത്തിൽ നടത്താൻ മോദി നിർദേശിച്ചതായി ബി.ജെ.പി എക്‌സിക്യൂട്ടീവ് യോഗം പ്രതിനിധിയെ ഉദ്ധരിച്ച് 'ദ പ്രിന്റ്' റിപ്പോർട്ട് ചെയ്തു. 'തങ്ങളുടെ മണ്ഡലങ്ങളിൽ നടക്കുന്ന കാര്യങ്ങൾ സമ്മേളനത്തിൽ വിശദീകരിക്കണം. എന്താണ് കേരളത്തിനായി ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും അവിടെ വ്യക്തമാക്കണം" -മോദി പറഞ്ഞതായി ബി.ജെ.പി നേതാവ് അറിയിച്ചു. സർക്കാറിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായ അഹിന്ദുക്കളിലെ പിന്നാക്ക വിഭാഗങ്ങളിൽ പ്രചാരണം നടത്താനും മോദി നിർദേശിച്ചു. മുസ്‍ലിംകൾ തിങ്ങിപ്പാർക്കുന്ന അഅ്സംഗഢ്, രാംപൂർ ലോക്‌സഭാ സീറ്റുകളിൽ കഴിഞ്ഞ മാസം നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയം കൈവരിച്ചതിന് പിന്നാലെയാണ് ഈ ആഹ്വാനം.
കൂടാതെ, മുസ്‍ലിംകൾക്ക് ആധിപത്യമുള്ള തദ്ദേശസ്ഥാപന വാർഡുകളിൽ ബി.ജെ.പി വിജയിച്ച കാര്യം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ചൂണ്ടിക്കാട്ടി. പാർട്ടിയുടെ വികസനോന്മുഖമായ സമീപനമാണ് ഈ വർഷമാദ്യം നടന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മുസ്‍ലിം ഭൂരിപക്ഷ വാർഡുകളിൽ ബി.ജെ.പി നേടിയ വിജയത്തിന് കാരണമെന്ന് ദേശീയ എക്‌സിക്യൂട്ടീവ് മീറ്റിങ്ങിൽ ഹിമന്ത ബിശ്വ ശർമ്മ അവകാശപ്പെട്ടു. 'അവിടെ അവർ ബി.ജെ.പിക്ക് വോട്ടുചെയ്യുന്നുണ്ടെങ്കിൽ അവർ മറ്റുസ്ഥലങ്ങളിലും ബി.ജെ.പിക്ക് വോട്ട് ചെയ്യും' -അദ്ദേഹം പറഞ്ഞു.
എട്ട് വർഷത്തിനിടെ ബി.ജെ.പി സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളിലാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ഭാവിയിൽ അതിനായിരിക്കും ഊന്നലെന്നും മറ്റൊരു പാർട്ടി നേതാവ് പറഞ്ഞു.
അഞ്ച് മാസത്തിനിടെ ഇന്ത്യയിൽ ക്രിസ്ത്യാനികൾക്ക് നേരെ 207 ആക്രമണങ്ങൾ
ന്യൂഡൽഹി: 2022 ജനുവരി മുതൽ മേയ് അവസാനം വരെയുള്ള അഞ്ച്മാസത്തിനിടെ ഇന്ത്യയിൽ ക്രിസ്ത്യാനികൾക്ക് നേരെ 207 ആക്രമണങ്ങൾ അരങ്ങേറിയതായി റിപ്പോർട്ട്. യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം (യു.സി.എഫ്) ആണ് കണക്കുകൾ പുറത്തുവിട്ടത്. ദിവസം ഒന്നിലധികം അക്രമ സംഭവങ്ങൾ നടന്നതായി യു.സി.എഫ് പ്രസിഡന്റ് എ.സി. മൈക്കിൾ പറഞ്ഞു.
ക്രിസ്ത്യാനികൾക്ക് നേരെ ഏറ്റവും കൂടുതൽ അക്രമം നടന്ന വർഷം ആയാണ് 2021നെ യു.സി.എഫ് വിലയിരുത്തുന്നത്. രാജ്യത്തുടനീളം 505 അക്രമ സംഭവങ്ങളാണ് കഴിഞ്ഞ വർഷം അരങ്ങേറിയത്. എന്നാൽ, 2022ൽ അഞ്ചുമാസം കൊണ്ട് തന്നെ 207 അക്രമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഏറ്റവും കൂടുതൽ ഉത്തർപ്രദേശിലാണ്. 48 സംഭവങ്ങളാണ് ഇവിടെ നടന്നത്. 44 എണ്ണം റിപ്പോർട്ട് ചെയ്ത ഛത്തീസ്ഗഢാണ് തൊട്ടുപിന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.