ഗൽവാൻ സംഘർഷത്തിന് ശേഷം ആദ്യമായി ഹസ്തദാനം ചെയ്ത് മോദിയും ഷീ ജിങ്പിങ്ങും
text_fieldsബാലി: ഗൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യമായി ഹസ്തദാനം ചെയ്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങും. രാത്രി ഭക്ഷണത്തിന് എത്തിയപ്പോഴാണ് ഇരുവരും ഹസ്തദാനം നടത്തുകയും സംസാരിക്കുകയും ചെയ്തത്. എന്നാൽ, ഇരു രാഷ്ട്ര നേതാക്കളും ഉഭയകക്ഷി ചർച്ച നടത്തുമോയെന്നത് സംബന്ധിച്ച് വ്യക്തതയില്ല.
ഇതിന് മുമ്പ് ഷാങ്ഹായി കോപപറേഷൻ ഓർഗനൈസേഷന്റെ ഉച്ചകോടിക്കിടെയാണ് ഇരുവരും തമ്മിൽ കണ്ടത്. ലഡാക്ക് സംഘർഷത്തിന് ശേഷമുള്ള ഇരു രാഷ്ട്രനേതാക്കളുടേയും ആദ്യ കൂടിക്കാഴ്ച ഇതായിരുന്നു. എന്നാൽ, അന്ന് ഇരുവരും ഹസ്തദാനം ചെയ്യുകയോ സംസാരിക്കുകയോ ചെയ്തതതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നില്ല.
ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഘർഷത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു. തുടർന്ന ഇരു രാജ്യങ്ങളും നിരവധി ഉഭയകക്ഷി ചർച്ച നടത്തിയെങ്കിലും പൂർണമായ പ്രശ്ന പരിഹാരമായിരുന്നില്ല.
ഇന്ത്യ-യു.എസ് സഹകരണം ശക്തമാക്കാൻ ധാരണ; മോദിയും ബൈഡനും ചർച്ച നടത്തി
ബാലി (ഇന്തോനേഷ്യ): ഇരുരാജ്യങ്ങളുടെയും സഹകരണം കൂടുതൽ മേഖലകളിൽ ശക്തമായി തുടരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ നടന്ന ചർച്ചയിൽ ധാരണ. നൂതന സാങ്കേതികവിദ്യകളും നിർമിത ബുദ്ധിയുമടക്കമുള്ളവയിൽ ഇരുരാജ്യങ്ങളുടെയും സഹകരണം സംബന്ധിച്ച നയതന്ത്ര ഉടമ്പടികൾ ഇരുനേതാക്കളും അവലോകനം ചെയ്തു. യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും നേരിടുന്ന പ്രതിസന്ധികളും പ്രാദേശികവും ആഗോളവുമായ വളർച്ച നിലനിർത്താനാവശ്യമായ സംയുക്ത നീക്കങ്ങളും ചർച്ച ചെയ്തെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്, ഭാവിയുടെ സാങ്കേതികവിദ്യകൾ സംബന്ധിച്ച കാര്യങ്ങളിൽ സഹകരണം ശക്തമാക്കും. ഇന്ത്യ-യു.എസ് സഹകരണം ശക്തിപ്പെടുത്താൻ നൽകിയ ശ്രമങ്ങൾക്ക് പ്രധാനമന്ത്രി മോദി യു.എസ് പ്രസിഡന്റിനെ നന്ദി അറിയിച്ചു. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും പരസ്പരം ഹസ്തദാനം നൽകി. ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ ഒരുക്കിയ അത്താഴവിരുന്നിനിടെയായിരുന്നു കൂടിക്കാഴ്ച. ഇരുനേതാക്കളും തമ്മിൽ ചർച്ച നടക്കുമോ എന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുണ്ടായിട്ടില്ല.
ഊർജ വിതരണത്തിലെ നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്ന് നരേന്ദ്ര മോദി
ബാലി (ഇന്തോനേഷ്യ): മാസങ്ങളായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് നയതന്ത്രത്തിലൂടെ പരിഹാരമുണ്ടാക്കണമെന്നും ഊർജ വിതരണത്തിലെ നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽനിന്നുള്ള എണ്ണ കയറ്റുമതി നിരുത്സാഹപ്പെടുത്താനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ആഹ്വാനത്തിനിടെയാണ് ജി 20 ഉച്ചകോടിയിലെ മോദിയുടെ പരാമർശമെന്നത് ശ്രദ്ധേയമാണ്. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥ എന്ന നിലക്ക് ഇന്ത്യയുടെ ഊർജ സുരക്ഷിതത്വം ആഗോള സാമ്പത്തിക വളർച്ചയെ സംബന്ധിച്ചും പ്രധാനമാണെന്ന് മോദി പറഞ്ഞു.
കാലാവസ്ഥ വ്യതിയാനം, കോവിഡ്, യുക്രെയ്ൻ യുദ്ധം തുടങ്ങിയവ ലോക സമ്പദ്വ്യവസ്ഥക്ക് ആഘാതമേൽപിച്ചു. ബുദ്ധന്റെയും ഗാന്ധിയുടെയും ജന്മനാട് എന്നനിലക്ക് ലോകസമാധാനത്തിന് തങ്ങൾക്ക് ഏറെ പങ്കുവഹിക്കാനാവുമെന്ന് ജി 20ന്റെ അധ്യക്ഷസ്ഥാനം ഇന്ത്യക്ക് അടുത്തവർഷം ലഭിക്കുന്നത് പരാമർശിച്ച് മോദി വ്യക്തമാക്കി. അവശ്യ ഭക്ഷ്യവസ്തുക്കളുടെയടക്കം വിതരണത്തിൽ ലോകത്ത് അസമത്വം നിലനിൽക്കുന്നത് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി എല്ലാ രാജ്യങ്ങളിലും ദരിദ്രർ പ്രതിസന്ധി നേരിടുകയാണെന്നും ഉച്ചകോടിയിലെ ഭക്ഷ്യ-ഊർജ സുരക്ഷ സെഷനിൽ പങ്കെടുക്കവേ പറഞ്ഞു. യുക്രെയ്നിലെ റഷ്യൻ അധിനിവേശം ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. യുക്രെയ്നിൽനിന്നുള്ള ഗോതമ്പ് കയറ്റുമതി നിലച്ചത് ആഗോളതലത്തിൽ ക്ഷാമത്തിന് കാരണമായി. രാസവളത്തിന്റെ ദൗർലഭ്യം ഭാവിയിൽ ഭക്ഷ്യപ്രതിസന്ധിക്കിടയാക്കും. വളത്തിന്റെയും ഭക്ഷ്യധാന്യത്തിന്റെയും വിതരണം സംബന്ധിച്ച് ലോകരാജ്യങ്ങൾ ധാരണയിലെത്തണമെന്നും മോദി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.