ബിംസ്റ്റെക് ഉച്ചകോടിക്കായി തായ്‍ലൻഡിലേക്ക്, പിന്നാലെ ശ്രീലങ്കയിലും; ത്രിദിന വിദേശ പര്യടനത്തിനായി മോദി പുറപ്പെട്ടു
text_fieldsന്യൂഡൽഹി: ആറാമത് ബിംസ്റ്റെക് (ബേ ഓഫ് ബംഗാൾ ഇനീഷ്യേറ്റിവ് ഫോർ മൾട്ടി-സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോഓപറേഷൻ) ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തായ്‍ലൻഡിലേക്ക് പുറപ്പെട്ടു. തായ്‍ലൻഡിലെ ഇന്ത്യൻ സമൂഹം മോദിക്ക് വമ്പൻ സ്വീകരണ പരിപാടിയാണ് ഒരുക്കിയിട്ടുള്ളത്. തായ്‍ലൻഡ് പ്രധാനമന്ത്രി പെതോങ്താൻ ഷിനവത്രയുമായി മോദി കൂടിക്കാഴ്ച നടത്തും.
വെള്ളിയാഴ്ച നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിയിൽ മോദിക്കൊപ്പം നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി, ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനിസ്, മ്യാൻമർ സൈനിക തലവൻ മിൻ ഓങ് ഹെയിങ്, തായ്‍ലൻഡ്, ശ്രീലങ്ക, ഭൂട്ടാൻ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. സമുദ്രമേഖലയിലെ സഹകരണം ഉറപ്പാക്കാനുള്ള ധാരണാപത്രത്തിൽ അംഗങ്ങൾ ഒപ്പുവെച്ചേക്കും.
മേഖലയിലെ സമാധാനം, സാമ്പത്തിക സുസ്ഥിരത, കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനുള്ള അന്താരാഷ്ട്ര സഹകരണം എന്നിവ ലക്ഷ്യമിട്ടുള്ള കൂട്ടായ്മയാണ് ബിംസ്റ്റെക്. സമുദ്ര ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ ബാങ്കോക്ക് നഗരത്തിന്റെ 40 ശതമാനം 2030ഓടെ വെള്ളത്തിനടിയിലാകുമെന്ന ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് ഇതിനിടെ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ‘ബാങ്കോക്ക് വിഷൻ 2030’ എന്ന പ്രമേയവും ഉച്ചകോടിയിൽ ചർച്ചയാകും. തായ് രാജാവ് മഹാ വജ്രലോങ്കോൺ, രാഞ്ജി സുതിദ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തും.
തായ്‍ലൻഡിൽനിന്ന് വെള്ളിയാഴ്ച ദ്വിദിന സന്ദർശനത്തിനായി മോദി ശ്രീലങ്കയിലെത്തും. ലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുമായി മോദി കൂടിക്കാഴ്ച നടത്തും. വിവിധ രംഗങ്ങളിലെ ഇന്ത്യ- ശ്രീലങ്ക സഹകരണം ചർച്ചയാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.