മോദിയുടെ ബിരുദം; കെജ്‌രിവാളിന്‍റെ പുന:പരിശോധന ഹരജി തള്ളി ഗുജറാത്ത് ഹൈകോടതി
text_fieldsഅഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച പുന:പരിശോധന ഹരജി ഗുജറാത്ത് ഹൈകോടതി തള്ളി. മോദിയുടെ ബിരുദ വിവരങ്ങള്‍ കെജ്‌രിവാളിന് കൈമാറണമെന്നുള്ള വിവരാവകാശ കമീഷന്‍റെ ഉത്തരവ് കഴിഞ്ഞ മാർച്ച് 31ന് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കെജ്‌രിവാളിന് 25,000 രൂപ പിഴയീടാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ സമർപ്പിച്ച പുന:പരിശോധന ഹരജിയാണ് ഇന്ന് തള്ളിയത്.
2016ല്‍ മുഖ്യ വിവരാവകാശ കമ്മീഷണറായിരുന്ന ഡോ. ശ്രീധര്‍ ആചാര്യലുവാണ് അപേക്ഷകനായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങള്‍ കൈമാറാന്‍ ഗുജറാത്ത്, ഡല്‍ഹി സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഇതിനെതിരെ ഗുജറാത്ത് സര്‍വകലാശാല ഹൈകോടതിയെ സമീപിക്കുകയായിരുന്നു. 1978ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് 1983ല്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി എന്നാണ് മോദി വ്യക്തമാക്കിയിരുന്നത്. ഇക്കാര്യത്തില്‍ മറച്ചുവെക്കാന്‍ ഒന്നുമില്ലെന്നും ബിരുദ വിവരങ്ങള്‍ കൈമാറണമെന്ന് നിര്‍ബന്ധിക്കാന്‍ വിവരാവകാശ കമ്മീഷന് സാധിക്കില്ലെന്നുമാണ് സര്‍വകലാശാല കോടതിയില്‍ വാദിച്ചത്. മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങള്‍ കൈമാറുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും ഗുജറാത്ത് സര്‍വകലാശാല വാദിച്ചിരുന്നു.
ആവശ്യമില്ലാത്ത വിവരമാണ് അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെടുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഗുജറാത്ത് ഹൈകോടതി ജഡ്ജ് ജസ്റ്റിസ് ബിരെൻ വൈഷ്ണവ് ആവശ്യം നിരസിക്കുകയും പിഴയീടാക്കുകയും ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.