ജമ്മു കശ്മീർ രാജ്യത്തിനാകെ പുതിയ മാതൃക തീർക്കുന്നു -പ്രധാനമന്ത്രി
text_fieldsജമ്മു: വികസനത്തിന്‍റെ പുതിയ കഥ രചിക്കുകയാണ് ജമ്മു കശ്മീരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ പഞ്ചായത്തീരാജ് ദിനത്തോടനുബന്ധിച്ച് സാന്ത ജില്ലയിലെ പാലി ഗ്രാമത്തിൽ നടക്കുന്ന സമ്മേളനത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുപ്പതിനായിരത്തോളം പഞ്ചായത്ത് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
20,000 കോടിയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നടത്തി. ഡൽഹി-അമൃത്സർ-കത്ര എക്സ്പ്രസ് വേക്ക് തറക്കല്ലിട്ട അദ്ദേഹം, പാലി ഗ്രാമത്തിലെ സോളാർ പവർ പ്ലാന്‍റും സാമ്പയിലെ 108 ജൻ ഔഷധി കേന്ദ്രങ്ങളും ഉദ്ഘാടനം ചെയ്തു. 3,100 കോടി ചെലവിൽ നിർമാണം പൂർത്തിയാക്കിയ ബനിഹാൽ-ക്വാസിഗുണ്ട് ഭൂഗർഭപാത പ്രധാനമന്ത്രി നാടിന് സമർപ്പിക്കുകയും ചെയ്തു.
ജമ്മു കശ്മീർ രാജ്യത്തിനാകെ പുതിയ മാതൃക തീർക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കശ്മീരിൽ ടൂറിസം വീണ്ടും വളർന്നു. പാലി രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ പഞ്ചായത്തായി മാറുന്നു. കേന്ദ്ര സർക്കാറിന്‍റെ എല്ലാ പദ്ധതികളും കശ്മീർ താഴ്വരയിലും നടപ്പാക്കി -പ്രധാനമന്ത്രി പറഞ്ഞു.
കശ്മീരിലെത്തിയ പ്രധാനമന്ത്രി വിമാനത്താവളത്തിൽനിന്ന് നേരെ പാലി ഗ്രാമത്തിലേക്കാണ് എത്തിയത്. ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതിനുശേഷം ആദ്യമായാണ് മോദി ഔദ്യോഗിക പരിപാടികൾക്കായി ജമ്മു-കശ്മീർ സന്ദർശിക്കുന്നത്. സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതിർത്തികളിലടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.