ഡീപ്ഫേക്കിനെതിരെ ജാഗ്രത പാലിക്കണം -മോദി
text_fieldsപാരിസ്: നിർമിത ബുദ്ധിയുടെ നിയന്ത്രണത്തിനും പ്രോത്സാഹനത്തിനും ആഗോളതലത്തിൽ ചട്ടക്കൂട് രൂപവത്കരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരിസിൽ ‘എ.ഐ ആക്ഷൻ ഉച്ചകോടി’യുടെ സമാപന ദിവസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈബർസുരക്ഷ, തെറ്റായ വാർത്തകളുടെ പ്രചാരണം, ഡീപ്ഫേക് എന്നിവക്കെതിരെ ജാഗ്രത പാലിക്കണം. എ.ഐയുടെ പരിമിതികളെയും പക്ഷപാതിത്വത്തെയും കരുതിയിരിക്കണം. രാഷ്ട്രീയ സംവിധാനങ്ങളെയും സമ്പദ്‍വ്യസ്ഥയെയും സുരക്ഷയെയും സമൂഹത്തെയും എ.ഐ മാറ്റിമറിക്കുകയാണെന്നും മോദി പറഞ്ഞു. എ.ഐ സൃഷ്ടിക്കുന്ന വെല്ലുവിളികൾ നേരിടുന്നതിനും വിശ്വാസ്യതയുണ്ടാക്കുന്നതിനും ആഗോള ചട്ടക്കൂട് അനിവാര്യമാണ്. ഇതോടൊപ്പം, പുത്തനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള നന്മക്കായി അവയെ ഉപയോഗപ്പെടുത്തുന്നതിനും ശ്രദ്ധ ചെലുത്തണം. സാങ്കേതിക വിദ്യയെ ജനാധിപത്യവത്കരിച്ച് ജനകേന്ദ്രീകൃത ആപ്ലിക്കേഷനുകളാണ് വികസിപ്പിക്കേണ്ടത്.
ഡേറ്റ സ്വകാര്യതയിലും എ.ഐയുമായി ബന്ധപ്പെട്ട സാങ്കേതിക-നിയമ പരിഹാരങ്ങളിലും ഇന്ത്യ മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. പൊതുജന നന്മക്കായി ഇന്ത്യ എ.ഐ ആപ്ലിക്കേഷനുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എ.ഐ ഭാവി എല്ലാവർക്കും നല്ലതാണെന്ന് ഉറപ്പാക്കാൻ ഇന്ത്യ അതിന്റെ അനുഭവവും വൈദഗ്ധ്യവും പങ്കിടാൻ തയാറാണെന്നും മോദി പറഞ്ഞു.
അടുത്ത എ.ഐ ഉച്ചകോടിക്ക് ഇന്ത്യ ആതിഥ്യം വഹിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എ.ഐ ഫൗണ്ടേഷൻ, കൗൺസിൽ ഫോർ സസ്റ്റെയ്നബ്ൾ എ.ഐ എന്നിവ രൂപവത്കരിക്കാനുള്ള ഉച്ചകോടിയുടെ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു.
എ.ഐ മേഖലയിലെ അമിതമായ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് ലോക നേതാക്കളോടും ടെക് മേധാവികളോടും അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആവശ്യപ്പെട്ടു. അമിതമായ നിയന്ത്രണം ഈ മേഖലയെ കൊല്ലുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ നിർമിക്കുന്ന എ.ഐ സംവിധാനങ്ങൾ ആശയപരമായ പക്ഷപാതിത്വത്തിൽനിന്ന് സ്വതന്ത്രമായിരിക്കുമെന്ന് ട്രംപ് ഭരണകൂടം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഈ മേഖലയിൽ കൂടുതൽ നിയന്ത്രണം വേണമെന്ന നിലപാടാണ് യൂറോപ്യൻ രാജ്യങ്ങൾ സ്വീകരിച്ചത്.
ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ അമേരിക്കയും യു.കെയും ഒപ്പുവെച്ചില്ലെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ‘സമ്പൂർണവും സുസ്ഥിരവുമായ നിർമിത ബുദ്ധിയെക്കുറിച്ചുള്ള പ്രസ്താവന’ എന്ന പേരിലാണ് പ്രഖ്യാപനം തയാറാക്കിയത്.
പാരീസിൽ എ.ഐ ആക്ഷൻ ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഉൾപ്പെടെ നേതാക്കൾക്കൊപ്പം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.