നോട്ടീസ് കാര്യമാക്കാതെ മോദി; ഏറ്റുപിടിച്ച് അമിത് ഷായും യോഗിയും
text_fieldsന്യൂഡൽഹി: മുസ്ലിംകൾക്കെതിരായ വിദ്വേഷ പ്രസംഗത്തിന് തെരഞ്ഞെടുപ്പു കമീഷൻ ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ വഴി വിശദീകരണം തേടിയതു കാര്യമാക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്‍റെ പ്രസംഗം ഏറ്റുപിടിച്ച് പ്രചാരണ യോഗങ്ങളിൽ കുട്ടി നേതാക്കൾ.
മുസ്ലിംകളെ പ്രീണിപ്പിക്കാൻ ഒ.ബി.സി, പട്ടിക വിഭാഗക്കാരുടെ സംവരണത്തിൽ കൈയിട്ടു വാരാനാണ് കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ഒരുങ്ങുന്നതെന്ന് ബിഹാറിലെ അരരിയയിൽ വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പു യോഗത്തിൽ മോദി പ്രസംഗിച്ചു. കർണാടക ഭരിക്കുന്ന കോൺഗ്രസ്, മുസ്ലിം സംവരണം മറ്റിടങ്ങളിലും നടപ്പാക്കാനുള്ള നീക്കത്തിലാണ്. പിന്നാക്ക വിഭാഗങ്ങളുടെ യാതന ഒ.ബി.സിക്കാരനായ തനിക്ക് നന്നായറിയാം. ഭാവിയിൽ അവർ പട്ടിക വിഭാഗക്കാരുടെ സംവരണവും കൊള്ളയടിച്ചെന്നു വരും. മുസ്ലിംലീഗിന്‍റെ ചിന്താധാരയാണ് കോൺഗ്രസ് പ്രകടനപത്രിക. ഒ.ബി.സി, പട്ടിക വിഭാഗങ്ങളുടെ സംവരണം അടിച്ചുമാറ്റാൻ ആരെയും അനുവദിക്കില്ല. അതാണ് മോദിയുടെ ഗാരന്‍റി -പ്രധാനമന്ത്രി പറഞ്ഞു.
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ന്യൂനപക്ഷങ്ങൾക്കുവേണ്ടി പ്രത്യേക നിയമം ഉണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഛത്തിസ്ഗഢിൽ പ്രസംഗിച്ചു. മുത്തലാഖ് വീണ്ടും കൊണ്ടുവരണോ? ശരിഅത്ത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണോ രാജ്യം പ്രവർത്തിക്കേണ്ടത്? അദ്ദേഹം ചോദിച്ചു.
ലീഗിന്‍റെ അജണ്ടയുമായാണ് കോൺഗ്രസ് മുന്നോട്ടു നീങ്ങുന്നത്. അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചവർക്ക് രാജ്യം ഭരിക്കാൻ അവകാശമില്ല. രാഹുൽ ബാബയെ ജനം തെരഞ്ഞെടുക്കില്ല, മുത്തലാഖ് വീണ്ടും കൊണ്ടുവരാനും പോകുന്നില്ല. പൗരത്വ ഭേദഗതി നിയമത്തെ തൊടാൻ ആരെയും അനുവദിക്കില്ല. 370ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക പദവി പുനഃസ്ഥാപിക്കാനും സമ്മതിക്കില്ല.
രാജ്യത്തെ സാമുദായികാടിസ്ഥാനത്തിൽ വിഭജിക്കാനാണ് കോൺഗ്രസും ഇൻഡ്യ കക്ഷികളും ശ്രമിക്കുന്നതെന്നാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്നോവിൽ പ്രസംഗിച്ചത്. കോൺഗ്രസ് പ്രകടന പത്രിക രാജ്യത്തിന് വിനാശമുണ്ടാക്കും. പിന്തുടർച്ചാ സ്വത്തിനു നികുതി ചുമത്തിയും സ്വത്ത് പുനഃക്രമീകരണം നടത്തിയുമെല്ലാം സച്ചാർ സമിതി, രംഗനാഥ് മിശ്ര കമീഷൻ ശിപാർശകൾക്കൊപ്പം നീങ്ങാനാണ് കോൺഗ്രസിന്‍റെ പരിപാടി. അമ്മ പെങ്ങന്മാർ സ്വർണം വാങ്ങിയാൽ കോൺഗ്രസുകാർ അത് കൈക്കലാക്കും. പാരമ്പര്യ സ്വത്തിന്‍റെ പകുതി കൈയടക്കും.
യു.പിയിലെ ബി.ജെ.പി നേതാവ് കേശവ് പ്രസാദ് മൗര്യ തുടങ്ങിയവരുടെ പ്രസംഗങ്ങളും ഇതേ ശൈലിയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.