ലോകത്തിലെ ദൈർഘ്യമേറിയ റിവർ ക്രൂയിസ്: ഒഴുകും കൊട്ടാരം ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി
text_fieldsവാരണാസി: വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് പരസ്പരബന്ധം ശക്തമാക്കേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റിവർ ക്രൂയിസ് എം.വി ഗംഗാ വിലാസ് ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗംഗയുടെ തീരത്ത് വികസിപ്പിച്ചെടുത്ത ടെന്റ് സിറ്റിയും പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.
വാരണാസിയിൽ നിന്ന് 3,200 കിലോമീറ്റർ സഞ്ചരിച്ച് ബംഗ്ലാദേശ് വഴി അസമിലെ ദിബ്രുഗഡിലേക്ക് 51 ദിവസത്തിനുള്ളിൽ എത്തുന്നതാണ് യാത്ര. 1000 കോടി രൂപ ചെലവഴിച്ച പദ്ധതിയുടെ കന്നി യാത്രയിൽ 32 സ്വിസ് വിനോദസഞ്ചാരികളാണ് ഭാഗഭാക്കായിട്ടുള്ളത്.
27 നദീതടങ്ങളിലൂടെ വിനോദസഞ്ചാരികളെ കൊണ്ടുപോകുകയും വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തിക്കുകയും ചെയ്യും. ലോക പൈതൃക കേന്ദ്രങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, നദീഘട്ടങ്ങൾ, ബിഹാറിലെ പട്‌ന, ജാർഖണ്ഡിലെ ഷാഹിഗഞ്ച്, പശ്ചിമ ബംഗാളിലെ കൊൽക്കത്ത, ബംഗ്ലാദേശിലെ ധാക്ക, അസമിലെ ഗുവാഹത്തി തുടങ്ങിയ പ്രധാന നഗരങ്ങൾ ഉൾപ്പെടെ 50 വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുകയും ചെയ്യും.
ഈ ഫൈവ് സ്റ്റാർ മൂവിങ് ഹോട്ടലിൽ 36 പേരെ ഉൾക്കൊള്ളാവുന്ന18 സ്യൂട്ടുകളാുണ്ട്. സ്പാ, സലൂൺ, ജിം തുടങ്ങിയ സൗകര്യങ്ങളും ക്രൂയിസിൽ സജ്ജീകരിച്ചിട്ടുണ്ട്. ഒരു ദിവസം 25,000 മുതൽ 50,000 രൂപ വരെ ചെലവ് വരും. 51 ദിവസത്തെ യാത്രക്ക് ഒരാൾക്ക് ആകെ ചെലവ് ഏകദേശം 20 ലക്ഷം രൂപയാണ്.
മലിനീകരണ രഹിത സംവിധാനവും ശബ്‌ദ നിയന്ത്രണ സാങ്കേതികവിദ്യയും ക്രൂയിസിൽ സജ്ജീകരിച്ചിട്ടുണ്ട്. ഗംഗയിലേക്ക് മലിനജലം ഒഴുകാതിരിക്കാൻ മലിനജല ശുദ്ധീകരണ പ്ലാന്റും കുളിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും ഗംഗാജലം ശുദ്ധീകരിക്കുന്ന ഫിൽട്ടറേഷൻ പ്ലാന്റും ഈ കപ്പലിൽ ഉണ്ട്.
വിദേശ വിനോദസഞ്ചാരികൾക്ക് ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും കല, സംസ്‌കാരം, ചരിത്രം, ആത്മീയത എന്നിവയിൽ അടുത്തറിയാൻ അവസരവുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.