തെരഞ്ഞെടുപ്പ് ലക്ഷ്യം; മോദി മന്ത്രിസഭ ഉടൻ പുനസംഘടിപ്പിച്ചേക്കും
text_fieldsന്യൂഡൽഹി: വരും തെരഞ്ഞെടുപ്പുകൾ മുന്നിൽകണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാറിെൻറ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിക്കും. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പും അടുത്തവർഷം നടക്കാനിരിക്കുന്ന അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും ലക്ഷ്യമാക്കിയാണ് വിപുലീകരണം.
കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്കായിരിക്കുംമുൻതൂക്കം. മധ്യപ്രദേശിൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ബി.ജെ.പിയെ അധികാരത്തിലെത്തിക്കാൻ സഹായിച്ച പ്രധാന വ്യക്തിയെന്ന നിലക്കാകും പരിഗണന. കൂടാതെ അസമിൽ ഹിമാന്ത ബിശ്വ ശർമയെ രണ്ടാം തവണയും അധികാരത്തിലെത്തിക്കാൻ പരിശ്രമിച്ച അസം മുഖ്യമന്ത്രി സർബാനന്ദ സോനേവാളിനെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തും.
ലോക്ജനശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാനെതിരെ പാർട്ടിയിൽനിന്ന് തന്നെ യുദ്ധം ചെയ്ത പശുപതി പരസിന് കഴിഞ്ഞവർഷം രാം വിലാസ് പാസ്വാെൻറ മരണത്തോടെയുണ്ടായ ഒഴിവിലേക്ക് പരിഗണന കിട്ടുമെന്നുമാണ് സൂചന.
അതേസമയം നിതീഷ് കുമാറിെൻറ ജനതാദൾ യുനൈറ്റഡിന് (ജെ.ഡി.യു) മന്ത്രിസ്ഥാനം ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല. എന്നാൽ രണ്ടുമന്ത്രിസ്ഥാനമെങ്കിലും ലഭിക്കുമെന്നാണ് നിതീഷ് കുമാറിെൻറ പ്രതീക്ഷ. നേതാക്കളായ ലല്ലൻ സിങ്, രാംനാഥ് താക്കൂർ, സന്തോഷ് കുഷ്വാഹ എന്നിവർക്കായിരിക്കും മുൻതൂക്കമെന്നാണ് വിവരം.
ബി.ജെ.പി നേതാവ് സുശീൽ മോദി, മഹാരാഷ്ട്ര നേതാവ് നാരായൻ റാനെ, ഗുജറാത്തിെൻറയും ബിഹാറിെൻറയും ചുമതലയുള്ള നേതാവ് ഭൂപേന്ദ്ര യാദവ് എന്നിവരും മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്.
മന്ത്രിമാരുടെ പ്രകടനം വിലയിരുത്തിയ ശേഷമാണ് പുനസംഘടന നീക്കം. 24 മന്ത്രിമാരുടെ പ്രകടനം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഇതിൽ മന്ത്രിമാരുടെ പ്രകടനത്തിൽ തൃപ്തിയില്ലെന്നാണ് സൂചന. കോവിഡ് പ്രതിരോധ വീഴ്ചകൾ മറക്കുന്നതിനായാകും പെട്ടന്നുള്ള മന്ത്രിസഭ പുനസംഘടന.
മോദി സർക്കാർ രണ്ടാമതും അധികാരത്തിലെത്തിയതിന് ശേഷം ഇതുവരെ മന്ത്രിസഭ പുനസംഘടിപ്പിച്ചിട്ടില്ല. സർക്കാറിനെതിരെ പ്രതിഷേധങ്ങൾ രൂക്ഷമായതോടെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശ് മന്ത്രിസഭയും പുനസംഘടിപ്പിച്ചേക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.