രാമെൻറ ജന്മസ്ഥലം നേപ്പാളിലെ അയോധ്യപുരി, ബിംബം സ്ഥാപിക്കണം; വീണ്ടും വിവാദ പ്രസ്താവനയുമായി ശർമ്മ ഒലി
text_fieldsകാഠ്മണ്ഡു: രാമെൻറ ജന്മസ്ഥലവുമായി ബന്ധപ്പെട്ട് പുതിയ വിവാദ പ്രസ്താവനയുമായി നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി. രാമെൻറ ജന്മസ്ഥലം നേപ്പാളിലെ മാഡിയിലുള്ള അയോധ്യപുരിയാണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘത്തോടായി ഒലി പറഞ്ഞു. കൂടാതെ പ്രദേശത്ത് രാമെൻറ ബിംബം സ്ഥാപിക്കണമെന്നും രാമെൻറ ജന്മസ്ഥലം എന്ന നിലയിൽ അയോധ്യപുരിയുടെ പ്രശസ്തിക്കായി പ്രവർത്തിക്കണമെന്നും അദ്ദേഹം പ്രതിനിധിസംഘത്തോട് പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പ് രാമെൻറ ജന്മസ്ഥലം ഉത്തർപ്രദേശിലെ അയോധ്യയല്ലെന്നും നേപ്പാളിലാണെന്നും പറഞ്ഞ് ഒലി രംഗത്തുവന്നിരുന്നു. അതേസമയം ഒലിയുടെ അവകാശവാദങ്ങളെ തള്ളിക്കൊണ്ട് നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി രംഗത്തെത്തി. ഒലി നിരന്തരം ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇന്ത്യയെ ലക്ഷ്യമിട്ടുള്ള പ്രസ്താവനകൾ അസ്വസ്ഥതയുണ്ടാക്കുന്നതും അസംബന്ധവുമാണെന്ന് പാർട്ടി വിശദീകരിച്ചു.
നേപ്പാളിൽ കമ്യൂണിസ്റ്റ് പാർട്ടിയും പ്രധാനമന്ത്രിയും തമ്മിൽ പ്രശ്നം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രസ്താവനയുമായി അദ്ദേഹമെത്തുന്നത്. പാർട്ടിയിലെ ചിലർ ഇന്ത്യയുമായി ചേർന്ന് തന്നെ അധികാരഭ്രഷ്ടനാക്കാൻ ശ്രമിക്കുന്നതായി ഒലി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഭരണപരാജയം ചൂണ്ടിക്കാട്ടി അദ്ദേഹത്തിെൻറ രാജി ആവശ്യപ്പെട്ട് കമ്യൂണിസ്റ്റ് പാർട്ടി രംഗത്തുവന്നു. അതേസമയം, അധികാരത്തിൽ നിന്ന് താഴെയിറക്കാൻ ശ്രമിച്ചാൽ പാർട്ടി പിളർത്താനാണ് ഒലി ഉദ്ദേശിക്കുന്നതെന്നും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.