ഡൽഹി -മുംബൈ അതിവേഗപാതയുടെ ആദ്യഘട്ടം തുറന്ന് പ്രധാനമന്ത്രി
text_fieldsദൗസ (രാജസ്ഥാൻ): ഡൽഹി-മുംബൈ അതിവേഗപാതയുടെ 246 കിലോമീറ്റർ വരുന്ന ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ ദൗസയിൽ ഉദ്ഘാടനം ചെയ്തു. ഡൽഹി-മുംബൈ അതിവേഗപാതയുടെ പൂർത്തിയായ സോഹ്ന-ദൗസ ഭാഗം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി 18,100 കോടി രൂപയുടെ റോഡ് വികസനപദ്ധതികൾക്ക് തറക്കല്ലിട്ടു.
അടിസ്ഥാന സൗകര്യങ്ങളിലുള്ള നിക്ഷേപം കൂടുതൽ നിക്ഷേപം ആകർഷിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി, കേന്ദ്ര സഹമന്ത്രി വി.കെ. സിങ്, കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് തുടങ്ങിയവർ പങ്കെടുത്തു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് പരിപാടിയെ അഭിസംബോധന ചെയ്തത്. ഇതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ദൗസയിൽ ബി.ജെ.പി റാലിയെയും അഭിസംബോധന ചെയ്തു. വേദിക്ക് സമീപം പൊതുയോഗം സംഘടിപ്പിച്ച് മോദിയുടെ ദൗസ സന്ദർശനത്തെ സംസ്ഥാനത്തെ പ്രതിപക്ഷമായ ബി.ജെ.പി രാഷ്ട്രീയവത്കരിക്കുകയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് ആരോപിച്ചു.
ഗെഹ് ലോട്ടിനെ പരിഹസിച്ച് നരേന്ദ്ര മോദി
ദൗസ (രാജസ്ഥാൻ): മുൻവർഷത്തെ ബജറ്റ് തെറ്റി അവതരിപ്പിച്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി-മുംബൈ അതിവേഗപാത ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചതിന് ശേഷം നടന്ന ബി.ജെ.പി റാലിയിലാണ് മോദിയുടെ പരിഹാസം. കോൺഗ്രസ് സർക്കാറുകളുടെ പദ്ധതികളും പ്രഖ്യാപനങ്ങളുമെല്ലാം കടലാസിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് പ്രസംഗത്തെ പരാമർശിച്ച്, പിശക് ആർക്കും പറ്റാമെന്നുപറഞ്ഞ മോദി, ബജറ്റ് കാഴ്ചപ്പാടില്ലാത്തതാണ് എന്നതാണ് പ്രധാനമെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.