'ടൂർപോകുന്ന പ്രധാനമന്ത്രിക്ക് കർഷകരെ കാണാൻ നേരമില്ല'; മോദിയുടെ മണ്ഡലത്തിൽ കർഷക റാലിയുമായി പ്രിയങ്ക
text_fieldsലഖ്നൗ: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭ മണ്ഡലമായ വാരാണസിയിൽ കിസാൻ ന്യായ് റാലിയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. റാലിക്ക് തുടക്കമിട്ടുകൊണ്ടുള്ള പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രിക്കും ഉത്തർപ്രദേശ് സർക്കാറിനും എതിരെ പ്രിയങ്ക രൂക്ഷ വിമർശനം ഉയർത്തി.ലഖിംപൂരിൽ കർഷകർ കൊല്ലപ്പെട്ടിടത്ത് ബി.ജെ.പിയുടെ ഒരു മുതിർന്ന നേതാവും സന്ദർശിച്ചില്ലെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.
''പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഖ്നൗ സന്ദർശിക്കാം പക്ഷേ, ലഖിംപൂരിലെത്താനാകില്ല. ഇരകളുടെ കുടുംബത്തിന് നീതിയാണ് വേണ്ടത്,പണമല്ല. സോനഭദ്ര കൂട്ടക്കൊലയിലും ഉന്നാവോയിലും ഹത്രസിലും നീതിയില്ല. അതുതന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. ലഖിംപൂരിലുള്ള കർഷകർ പറയുന്നത് അവർ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നാണ്. പൊലീസ് അവരുമായി സംസാരിക്കാൻ ക്രിമിനലുകളെ കൊണ്ടുവരികയാണ്. ഇങ്ങനെയൊന്നും ലോകത്ത് ഒരിടത്തും നടക്കില്ല.
കൊറോണ വന്നപ്പോഴും സർക്കാർ തങ്ങളെ സഹായിക്കുമെന്ന ഒരു പ്രതീക്ഷയും അവർക്കില്ലായിരുന്നു. ഇന്ത്യയെന്ന രാജ്യം സ്വാതന്ത്ര്യം നേടിയത് നീതിയെന്ന സങ്കൽപ്പത്തിലാണ്. പക്ഷേ ഇരകളുടെ കുടുംബത്തിന് ഉത്തർപ്രദേശിൽ നിന്നും നീതി കിട്ടുമെന്ന ഒരു പ്രതീക്ഷയും ഇല്ല. കേന്ദ്രമന്ത്രിയെയും മകനെയും സർക്കാർ സംരക്ഷിക്കുകയാണ്. ടൂർ പോകുന്ന പ്രധാനമന്ത്രിക്ക് കർഷകരെ കാണാൻ സമയമില്ല. കേന്ദ്രമന്ത്രി രാജിവെക്കും വരെ പോരാട്ടം തുടരും. ഞങ്ങളെ ആർക്കും തടയാനാകില്ല'' -പ്രിയങ്ക പറഞ്ഞു. വാരാണസിയിൽ എത്തിയ പ്രിയങ്ക കാശി വിശ്വനാഥ ക്ഷേത്രവും സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.