രാജ്യത്തിന്‍റെ പ്രതിച്ഛായ ഉയർത്താൻ പ്രധാനമന്ത്രി കഠിനാധ്വാനം ചെയ്യുന്നു, പ്രതിപക്ഷം അതിനെ കളങ്കപ്പെടുത്തുന്നു -നിർമല സീതാരാമൻ
text_fieldsന്യൂഡൽഹി: രാജ്യത്തിന്‍റെ പ്രതിച്ഛായ ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഠിനാധ്വാനം ചെയ്യുകയാണെന്നും എന്നാൽ, പ്രതിപക്ഷം അതിനെയെല്ലാം കളങ്കപ്പെടുത്തുകയാണെന്നും ധനമന്ത്രി നിർമല സീതാരാമൻ. ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയുടെ കോവിഡ് വാക്‌സിനേഷൻ പ്രോഗ്രാം ലോകമെമ്പാടും പ്രശംസിക്കപ്പെട്ടപ്പോൾ, കുത്തിവെപ്പിനെതിരെ പ്രതിപക്ഷം ആദ്യം മുതൽ തെറ്റായ സന്ദേശമാണ് പ്രചരിപ്പിക്കുന്നതെന്ന് നിർമല കുറ്റപ്പെടുത്തി.
'100 കോടിയിലധികം വാക്സിൻ ഡോസുകൾ നൽകിയ ഇന്ത്യയുടെ മഹത്തായ രീതി ലോകമെമ്പാടും പ്രശംസിക്കപ്പെട്ടു. വാക്സിനേഷനും ആരോഗ്യ പരിരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുമായി ബജറ്റിൽ 36,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. പ്രതിരോധത്തിലും കരസേനയിലും സ്ത്രീകളുടെ പ്രവേശനവും സൈനിക് സ്‌കൂളുകൾ സ്ഥാപിക്കുന്നതും തീരുമാനത്തിന്‍റെ ഭാഗമാണ്. സ്ത്രീകൾ നയിക്കുന്ന വികസനമാണ് നമ്മുടെ മുദ്രാവാക്യം' -മന്ത്രി പറഞ്ഞു.
'പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയ്ക്ക് കീഴിൽ 80 കോടി ആളുകൾക്ക് എട്ട് മാസത്തേക്ക് സൗജന്യ റേഷൻ നൽകി. ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി ആരംഭിച്ചു. ഇതുവഴി കുടിയേറ്റ തൊഴിലാളികൾക്ക് അവരുടെ റേഷൻ കാർഡുകൾ രജിസ്റ്റർ ചെയ്യാത്ത മറ്റ് സംസ്ഥാനങ്ങളിലെ ജോലിസ്ഥലത്തുനിന്ന് റേഷൻ ലഭിക്കുന്നു.
ജമ്മു കശ്മീർ ഭീകരവാദത്തിൽനിന്ന് വികസനത്തിലേക്ക് നീങ്ങുകയാണ്. 2004നും 2014നും ഇടയിൽ ജമ്മു കശ്മീരിൽ തീവ്രവാദവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ 2081 പേർ മരിച്ചു. എന്നാൽ, 2014 മുതൽ 2021 സെപ്റ്റംബർ വരെ 239 സിവിലിയന്മാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അവിടെ സമാധാനം സ്ഥാപിക്കപ്പെട്ടുവെന്നാണ് ഇത് തെളിയിക്കുന്നത്' -നിർമല അവകാശപ്പെട്ടു.
'ഇന്ത്യയിൽ വൻ മാറ്റങ്ങളാണ് വരുന്നത്. ഡിജിറ്റൽ ഇന്ത്യ മിഷൻ അവയെ ത്വരിതപ്പെടുത്തുകയാണ്. മേക്ക് ഇൻ ഇന്ത്യയും ഡിജിറ്റൽ ഇന്ത്യ മിഷനും ചേർന്നുള്ള ആത്മനിർഭർ ഭാരത് രാജ്യത്തെ ശക്തിപ്പെടുത്തും' -അവർ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിന് ശേഷമുള്ള ബംഗാളിലെ അക്രമങ്ങളെ അപലപിച്ച മന്ത്രി, എല്ലാ നിയമ നടപടികളിലും പാർട്ടി ബി.ജെ.പി പ്രവർത്തകർക്ക് ഒപ്പം നിൽക്കുമെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.