കള്ളപ്പണ നിരോധന നിയമം ബി.ജെ.പി ഇതര സർക്കാരുകളെ അട്ടിമറിക്കാനുള്ള കേന്ദ്ര ഉപകരണം - കപിൽ സിബൽ
text_fieldsന്യൂഡൽഹി: കള്ളപ്പണ നിരോധന നിയമം സർക്കാരുകളെ അട്ടിമറിക്കാൻ ദുരുപയോഗം ചെയ്യുകയാണെന്ന് മുതിർന്ന രാഷ്ട്രീയ നേതാവും എം.പിയുമായ കപിൽ സിബൽ സുപ്രീം കോടതിയിൽ. നിയമം ദുരുപയോഗം ചെയ്തതിന് ഒരു ദശാബ്ദക്കാലമായി ഒരു എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിക്ക് വേണ്ടി വാദിക്കുന്നതിനിടെയായിരുന്നു മുതിർന്ന അഭിഭാഷകൻ കൂടിയായ കപിൽ സിബലിന്‍റെ പരാമർശം.
തന്‍റെ കക്ഷി കേസിൽ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യാം. എന്നിരുന്നാലും നിയമം ഭാവിയിൽ ശക്തമായി നിലനിൽക്കേണ്ടതുണ്ടെന്നും, നിയമത്തെ ദുരുപയോഗം ചെയ്യുന്നതിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇടപെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ കപിൽ സിബലിന്‍റെ ആരോപണം തെറ്റാണെന്നായിരുന്നു തുഷാർ മേത്തയുടെ വാദം. 2002ൽ നിയമം പ്രാബല്യത്തിൽ വന്ന ശേഷം ഇതുവരെ 300ലധികം അറസ്റ്റുകൾ രേഖപ്പെടുത്തിയിട്ടില്ലെന്നും തെറ്റായി അറസ്റ്റ് രേഖപ്പെടുത്തുന്നതിന് രണ്ട് വർഷം തടവുശിക്ഷ വരെ നിയമം അനുശാസിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേൽപറഞ്ഞ വ്യവസ്ഥ പ്രകാരം ആരെയൊക്കെയാണ് അറസ്റ്റ് ചെയ്തത് എന്നായിരുന്നു കപിൽ സിബലിന്‍റെ മറുചോദ്യം. നിയമം ഉപയോഗിച്ച് സർക്കാരുകളെ അട്ടിമറിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അതാണ് തങ്ങളുടെ ആശങ്കയെന്നും സിബൽ വ്യക്തമാക്കി.
ഇ.ഡി ഉദ്യോഗസ്ഥൻ ഒരിക്കലും പൊലീസ് ഉദ്യോഗസ്ഥനാകുന്നില്ല. ഒരു കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന ആരോപിക്കപ്പെട്ട വ്യക്തിയെ കസ്റ്റഡിയിൽ വെക്കാൻ പൊലീസിന് സി.ആർ.പി.സി 167-ാം വകുപ്പ് പ്രകാരം അനുവാദമുണ്ട്. എന്നാൽ ഇത് ഇ.ഡിക്ക് ബാധകമല്ല. 2022ലെ വിജയ് മന്ദൻലാൽ ചൗധരി കേസിൽ ഇ.ഡി പൊലീസിന് സമാനമല്ലെന്ന് കോടതി പറഞ്ഞതായും സിബൽ വ്യക്തമാക്കി.
ജൂൺ 14നായിരുന്നു തമിഴ്വാട് വൈദ്യുതി എക്സൈസ് മന്ത്രി സെന്തിൽ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. 2011-15 കാലയളവിൽ ഗതാഗത മന്ത്രിയായിരുന്നപ്പോൾ മെട്രോ ട്രാൻസ്പോർട്ട് കോർപറേഷൻ നിയമനങ്ങൾക്ക് കോഴ വാങ്ങിയെന്ന് ആരോപിച്ചുള്ള കേസിലാണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 18 മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു മന്ത്രിയുടെ അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.