കോൺഗ്രസിനെ സാമ്പത്തികമായി തളർത്താൻ പ്രധാനമന്ത്രിയുടെ ആസൂത്രിത ശ്രമം -സോണിയ ഗാന്ധി
text_fieldsന്യൂഡൽഹി: കോൺഗ്രസിനെ സാമ്പത്തികമായി തളർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് പാർട്ടി മുൻ അധ്യക്ഷ സോണിയ ഗാന്ധി. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർക്കൊപ്പം സംയുക്ത വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
‘ഇന്ന് നാം ഏറ്റെടുക്കുന്ന വിഷയം അതീവ ഗൗരവമുള്ളതാണ്. ഈ പ്രശ്നം ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ മാത്രമല്ല, ജനാധിപത്യത്തെ തന്നെ ബാധിക്കുന്നതാണ്. കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് നടക്കുന്നത്’ -സോണിയ ആരോപിച്ചു.
എന്നാൽ, ഒരു വശത്ത് ഇലക്ടറൽ ബോണ്ടിലൂടെ പണം വാരിക്കൂട്ടുമ്പോൾ മറുവശത്ത് പ്രധാന പ്രതിപക്ഷ പാർട്ടിയുടെ സാമ്പത്തിക സ്രോതസ്സുകളെ ആക്രമിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
അധികാരത്തിലിരിക്കുന്നവർ മാധ്യമങ്ങളെയും ആദായ നികുതി വകുപ്പിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും തെരഞ്ഞെടുപ്പ് കമീഷനെയും മറ്റ് സ്വയംഭരണ സ്ഥാപനങ്ങളെയുമെല്ലാം നിയന്ത്രിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
‘ലോകത്തെ മുഴുവൻ ജനാധിപത്യ മൂല്യങ്ങൾക്കും മാതൃകകൾക്കും പേരുകേട്ടതാണ് ഇന്ത്യ. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഒരേ പരിഗണനയോടൊപ്പം നീതിയുക്തമായ തെരഞ്ഞെടുപ്പ് ഏതൊരു ജനാധിപത്യത്തിനും അനിവാര്യമാണ്. അധികാരത്തിലിരിക്കുന്നവർ മാധ്യമങ്ങളെയും ആദായ നികുതി വകുപ്പിനെയും, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും തെരഞ്ഞെടുപ്പ് കമീഷനെയും മറ്റ് സ്വയംഭരണ സ്ഥാപനങ്ങളെയുമെല്ലാം നിയന്ത്രിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടായിക്കൂടാ’ -ഖാർഗെ പറഞ്ഞു.
ഇത് കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചതല്ല, ഇന്ത്യൻ ജനാധിപത്യത്തെ മരവിപ്പിച്ചതാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അക്കൗണ്ട് മരവിപ്പിച്ചതിനാൽ കോൺഗ്രസിന് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ കഴിയുന്നില്ല. കോൺഗ്രസ് നേതാക്കൾക്ക് യാത്ര ചെയ്യാൻ പോലും പണമില്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.