പോക്സോ കേസ്; യെദിയൂരപ്പയുടെ അറസ്റ്റ് തടഞ്ഞ ഉത്തരവ് സെപ്റ്റംബർ അഞ്ചുവരെ നീട്ടി
text_fieldsബംഗളൂരു: പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പക്ക് താൽക്കാലിക ആശ്വാസം. അറസ്റ്റ് തടഞ്ഞ കർണാടക ഹൈകോടതി ഉത്തരവ് സെപ്റ്റംബർ അഞ്ചുവരെ നീട്ടി. വെള്ളിയാഴ്ച കേസിൽ വാദം കേൾക്കവെയാണ് ഹരജി വീണ്ടും പരിഗണിക്കുന്നതുവരെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവും ബാധകമാണെന്ന് കോടതി വ്യക്തമാക്കിയത്. കേസിൽ യെദിയൂരപ്പക്കെതിരെ സി.ഐ.ഡി അടുത്തിടെ കുറ്റപത്രം സമർപ്പിച്ചിരുന്നു.
കുറ്റപത്രം കോടതിയിൽ ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്ന് സി.ഐ.ഡി വിഭാഗത്തിനുവേണ്ടി ഹാജരായ പബ്ലിക് പ്രോ സിക്യൂട്ടർ അശോക് നായിക് കോടതിയോട് അഭ്യർഥിച്ചു. എന്നാൽ, കൂടുതൽ സമയം അനുവദിക്കരുതെന്നും വിചാരണ നീളുന്നത് തന്റെ കക്ഷിയുടെ അറസ്റ്റിനിടയാക്കുമെന്നും യെദിയൂരപ്പക്കുവേണ്ടി ഹാജരായ അഭിഭാഷകൻ നാഗേഷ് വാദിച്ചു.
കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ അഞ്ചിലേക്ക് നീട്ടിയതായി അറിയിച്ച കോടതി, അതുവരെ യെദിയൂരപ്പയുടെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവും നിലനിൽക്കുമെന്ന് ചൂണ്ടിക്കാട്ടി. ബി.എസ്. യെദിയൂരപ്പക്കെതിരായ പോക്സോ കേസിൽ അറസ്റ്റ് തടഞ്ഞ ഹൈകോടതി നടപടി ഒഴിവാക്കാൻ ആവശ്യമായ നിയമനീക്കം നടത്താൻ അഡ്വക്കറ്റ് ജനറലിന് കർണാടക സർക്കാർ നിർദേശം നൽകിയിരുന്നു. കർണാടക സർക്കാറിനും മുഖ്യമന്ത്രി സിദ്ധരാമയ്യക്കുമെതിരെ ബി.ജെ.പിയും ജെ.ഡി-എസും തുറന്ന സമരത്തിനിറങ്ങിയതിന് പിന്നാലെയായിരുന്നു യെദിയൂരപ്പക്കെതിരായ കേസിൽ കോൺഗ്രസ് സർക്കാർ നടപടി കടുപ്പിച്ചത്. പോക്സോ കേസിൽ യെദിയൂരപ്പയുടെ അറസ്റ്റ് തടഞ്ഞ ഹൈകോടതി നടപടി ഒഴിവായാൽ യെദിയൂരപ്പക്കെതിരെ തുടർനടപടി സ്വീകരിക്കാനാണ് സർക്കാർ നീക്കം.
17കാരിയായ പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ കഴിഞ്ഞ മാർച്ച് 14നാണ് യെദിയൂരപ്പക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുന്നത്. ഡോളേഴ്സ് കോളനിയിലെ യെദിയൂരപ്പയുടെ വീട്ടിൽവെച്ചുള്ള കൂടിക്കാഴ്ചക്കിടെ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ബംഗളൂരു പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സി.ഐ.ഡി ഏറ്റെടുത്ത് ജൂൺ 27ന് ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
തനിക്കെതിരായ പോക്സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യെദിയൂരപ്പ സമർപ്പിച്ച ഹരജി പരിഗണിച്ച ഹൈകോടതി, അന്വേഷണവുമായി സി.ഐ.ഡിക്ക് മുന്നോട്ടുപോവാൻ അനുമതി നൽകിയെങ്കിലും യെദിയൂരപ്പയുടെ അറസ്റ്റ് ഇടക്കാല ഉത്തരവിലൂടെ തടയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.