‘പ്രണയത്തെ ക്രിമിനൽവത്കരിക്കുന്നതിനല്ല പോക്സോ നിയമം’; 15കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ച് ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികാതിക്രമത്തിൽനിന്ന് സംരക്ഷിക്കുന്നതിനാണ് പോക്സോ നിയമമെന്നും അതല്ലാതെ ചെറുപ്പക്കാർ തമ്മിൽ പരസ്പര സമ്മതപ്രകാരമുള്ള പ്രണയത്തെ ക്രിമിനൽകുറ്റമാക്കുന്നതിനല്ലെന്നും ഡൽഹി ഹൈകോടതിയുടെ നിരീക്ഷണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ 25കാരന് ജാമ്യം അനുവദിച്ചുകൊണ്ടാണ് ഡൽഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് വികാസ് മഹാജൻ ഇത്തരത്തിലുള്ള നിരീക്ഷണം നടത്തിയത്. പ്രോസിക്യൂഷന്റെ കേസിനെ സാക്ഷികൂടിയായ പെൺകുട്ടി പിന്തുണക്കുന്നില്ലെന്നും ആരോപണവിധേയനുമായി തനിക്ക് പ്രണയബന്ധമാണുണ്ടായിരുന്നതെന്നുമാണ് പെൺകുട്ടി പറയുന്നതെന്നും ഹൈകോടതി നിരീക്ഷിച്ചു.
ഇര പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്നതിൽ തർക്കമില്ല. അതുപോലെ ലൈംഗികാതിക്രമത്തിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ഇതെല്ലാം കണക്കിലെടുത്താലും വിചാരണക്കുശേഷം മാത്രമേ ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാനാകൂ.
അയൽവാസിയായ യുവാവ് 15 വയസ്സുള്ള തന്റെ മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പെൺകുട്ടിയുടെ മാതാവ് 2022ൽ നൽകിയ പരാതിയിലാണ് കേസെടുത്തത്. കേസിൽ അറസ്റ്റിലായി 11 മാസത്തോളമായി ജുഡീഷ്യൽ കസ്റ്റഡിയിലായ യുവാവിന്റെ ജാമ്യഹരജിയാണ് പരിഗണിച്ചത്. വീട്ടിലുള്ള മാതാപിതാക്കളുടെ മോശം പെരുമാറ്റത്തെതുടർന്ന് പെൺകുട്ടിയുടെ നിർബന്ധപ്രകാരമാണ് യുവാവ് കൂട്ടിക്കൊണ്ടുപോയതെന്നാണ് പ്രതിക്കായി ഹാജരായ അഭിഭാഷകന്റെ വാദം. പ്രതിക്കൊപ്പം ഏറെനാൾ കഴിഞ്ഞ പെൺകുട്ടിക്ക് മറ്റു പ്രശ്നങ്ങളൊന്നും നേരിടേണ്ടിവന്നിട്ടില്ലെന്നും വാദമുയർന്നു. തുടർന്നാണ് പ്രതിയെ ഇനിയും ജുഡീഷ്യൽ കസ്റ്റഡിയിലിടാനാകില്ലെന്ന് വ്യക്തമാക്കി ഹൈകോടതി ജാമ്യം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.