ഉർദുകവി മുനവർ റാണക്കെതിരെ യു.പി പൊലീസ് കേസെടുത്തു
text_fieldsലക്നോ: പ്രശസ്ത ഉർദു കവി മുനവർ റാണക്കെതിരെ യു.പി പൊലീസ് കേസെടുത്തു. ഫ്രാൻസിലുണ്ടായ ആക്രമണത്തെ പിന്തുണച്ചുവെന്നാണ് റാണക്കെതിരെ യു.പി പൊലീസ് ചുമത്തിയ കുറ്റം.
കഴിഞ്ഞ ആഴ്ച ഒരു ഹിന്ദി ചാനലിന് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളാണ് കേസിന് ആസ്പദമായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്. പ്രവാചകന്‍റെ കാർട്ടൂൺ വരച്ചയാളെ കുറ്റപ്പെടുത്തിക്കൊണ്ടാണ് അഭിമുഖത്തിൽ റാണ സംസാരിച്ചത്. അതേസമയം, അതിന്‍റെ പേരിൽ കൊലപാതകങ്ങൾ നടത്തിയവരുടെ പ്രവൃത്തി അതിലും മ്ലേച്ഛമാണെന്നും റാണ പറഞ്ഞിരുന്നു.
'എന്‍റെ മാതാപിതാക്കളെ കുറിച്ച് അത്രയും അധിക്ഷേപകരമായ ഒരു കാർട്ടൂൺ ആരെങ്കിലും വരച്ചാൽ അയാളെ ഞാൻ കൊല്ലും' ഇതായിരുന്നു റാണയുടെ വാക്കുകൾ.
'ഭഗവാൻ രാമന്‍റെയോ സീതയുടെയോ മറ്റ് ദേവീദേവന്മാരുടെയോ അറപ്പുണ്ടാക്കുന്ന കാർട്ടൂണുകൾ വരച്ചവരെ കൊല്ലാൻ തന്നെയാണ് എനിക്ക് തോന്നുക.' എന്നും റാണ പറഞ്ഞു.
ഹസ്റത്ത് ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. റാണക്കെതിരെ സാമുദായിക സ്പർധ വളർത്തൽ, ക്രമസമാധാനം നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
എന്നാൽ, തന്‍റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി റാണ അറിയിച്ചു. ' കേസെടുത്തതിന്‍റെ പേരിൽ തന്‍റെ നിലപാടിലോ പ്രസ്താവനയിലോ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ല' എന്നാണ് ന്യൂസ് ഏജൻസിയോട് റാണ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.