ഡൽഹി, മതിയായി; മനസ്സ് മടുത്ത് തലസ്ഥാനം വിടണമെന്ന ചിന്തയിൽ കവി സച്ചിദാനന്ദൻ
text_fieldsന്യൂഡൽഹി: ''മുപ്പത് വർഷം മുമ്പ് ഞങ്ങൾ വന്ന ഡൽഹിയല്ല ഇത്. ഇവിടം പൊടുന്നനെ അന്യദേശമായി മാറിപ്പോയി. ഞങ്ങൾ ഇവിടം വിട്ടുപോയേ മതിയാവൂ.'' ഡൽഹി ജീവിതം മടുത്ത് പ്രമുഖ കവി കെ. സച്ചിദാനന്ദൻ ഫേസ്ബുക്കിൽ എല്ലാവരോടുമായി പറഞ്ഞു. അതിനോട് ഒട്ടേറെ പേരാണ് വേദനയോടെ പ്രതികരിച്ചത്.
സാഹിത്യലോകത്ത് മാത്രമല്ല, ഡൽഹിയുടെ സാമൂഹികജീവിതത്തിലും പതിറ്റാണ്ടുകളായി നിറഞ്ഞുനിൽക്കുന്ന സച്ചിദാനന്ദൻ എന്തുകൊണ്ട് തലസ്ഥാനം വിട്ട് നാട്ടിലേക്ക് മടങ്ങണമെന്ന് ഓർത്തുപോകുന്നു? ഇനിയൊരു മടക്കം ഉറപ്പിക്കാതെ ഏതാനും ആഴ്ചകൾ മുമ്പുമാത്രമാണ് കഥാകാരൻ ആനന്ദ് ഡൽഹി വിട്ടത്.
കേരളത്തിലേക്ക് തിരിച്ചുപോകണമെന്ന് കലശലായി ആഗ്രഹിക്കുന്നതിെൻറ കാരണങ്ങൾ നോവുന്ന മനസ്സോടെയാണ് സച്ചിദാനന്ദൻ പറഞ്ഞത്: ഇത് ഏതോ ഒരു രാജ്യമാണെന്ന് തോന്നിപ്പോകുന്നു. തടുക്കാനാവാത്ത ഒരു തോന്നലാണത്. ഈ മണ്ണിൽ ഞാൻ ഇന്ന് ഒരു പരദേശിയാണ്. അങ്ങനെ ചിന്തിക്കുന്ന ഒരുപാടുപേർ ഡൽഹിയിൽ ഉണ്ടാവും. ഭരണത്തിെൻറ പുതിയ രീതികൾക്കിടയിൽ ഇവിടെ ഒരുമയുടെ, ഒത്തുചേരലിെൻറ, സംഭാഷണത്തിെൻറ ഇടങ്ങൾ ഇല്ലാതായി. ഉൾക്കൊള്ളുന്നരീതികൾ മാഞ്ഞുപോയി. ഇപ്പോഴത്തെ ഭരണവർഗരാഷ്ട്രീയവുമായി ഒരുസംഭാഷണം നമുക്ക് സാധ്യമല്ല. എനിക്ക് എല്ലാത്തരം രാഷ്ട്രീയക്കാരോടും സംസാരിക്കാൻ പ്രയാസം തോന്നിയിരുന്നില്ല. എന്നാൽ, ഇപ്പോഴത്തെ ഭരണാധികാരികളോട് നമുക്ക് സംസാരിക്കാനേ തോന്നുകയില്ല.
നിരക്ഷരതയും അഹങ്കാരവും വിദ്വേഷവുമാണ് നിറഞ്ഞുനിൽക്കുന്ന ഘടകങ്ങൾ. ഭരണമോ? കോവിഡ് രണ്ടാംതരംഗം ഡൽഹിയെ നരകമാക്കിയപ്പോൾ ഈ ഭരണക്കാരെ ആരെയും കാണാനുണ്ടായിരുന്നില്ല. ഇവിടെ പുതിയ പാർലമെൻറ് പണിയുകയല്ല. സുപ്രധാനമായ പലതും ഇടിച്ചുനിരത്തുകയാണ്. ഡൽഹിക്ക് പുതിയ ചരിത്രം നിർമിക്കുകയാണ്. പുതിയനേതാക്കൾ പഴയചരിത്രവും ഓർമകളും കുഴിച്ചുമൂടാൻ നോക്കുകയാണ്. 2014ലാണ് ചരിത്രം തുടങ്ങിയതെന്ന മട്ടിൽ ചരിത്രസ്മാരകങ്ങൾ പൊളിച്ചുമാറ്റുകയാണ്. ഡൽഹിയുടെ മുഖം മാത്രമല്ല, മനസ്സും മാറ്റുകയാണ്. സെൻട്രൽ വിസ്ത പുതിയതൊന്ന് ഉണ്ടാക്കുന്നതിനേക്കാൾ സുപ്രധാനമായ പലതും നശിപ്പിക്കുകയാണ്.
പാർലമെൻറും ഇന്ത്യ ഗേറ്റുമെല്ലാം ഡൽഹിക്കാർക്കും വന്നുപോകുന്നവർക്കും പ്രിയപ്പെട്ടഭാഗങ്ങളായിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽവരെ പഴയതൊന്നും തട്ടിനിരത്തുകയല്ല. വരുംതലമുറക്ക് ചരിത്രത്തിലേക്കുള്ള കിളിവാതിലായി സംരക്ഷിക്കുകയാണ് ചെയ്യുന്നത്. സ്മാരകങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോവുകയും ഇവരൊക്കെയാണ് നമ്മെ അടിമകളാക്കിവെച്ചതെന്ന് പറഞ്ഞുകൊടുക്കുകയുമാണ് ചെയ്യുന്നത്. ഇതൊക്കെ ആരോടുപറയാൻ? ചോദ്യമെറിഞ്ഞ് സച്ചിദാനന്ദൻ മൗനിയായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.