പൊഖ്റാനിൽ രാജ്യം ആണവായുധത്തിെൻറ പടച്ചട്ടയണിഞ്ഞിട്ട് ഇരുപതാണ്ട്
text_fieldsന്യൂഡൽഹി: 1998 മേയ് 11 ഇന്ത്യയുടെ കരുത്തിെൻറ ദിനമാണ്. അന്നാണ് രാജ്യം സമ്പൂർണ ആണവശക്തിയായി സ്വയം പ്രഖ്യാപിച്ചത്. പ്രതിരോധത്തിെൻറയും സായുധ ബലത്തിെൻറയും പുതിയ പടച്ചട്ടയണിഞ്ഞത് രണ്ട് പതിറ്റാണ്ട് പൂർത്തിയാകുന്ന ദിനമാണിന്ന്. 1974ലാണ് ഇന്ത്യ ആദ്യമായി ആണവ പരീക്ഷണം നടത്തുന്നത്. രണ്ടാം തവണ പരീക്ഷിച്ചത് ഒന്നല്ല; അഞ്ച് ആയുധങ്ങളാണ്.
പരീക്ഷണത്തിനായുള്ള ഒരുക്കങ്ങൾ 10 ദിവസങ്ങൾക്ക് മുേമ്പ തുടങ്ങിയിരുന്നു. മുംബൈ ‘ബാർകി’ൽനിന്ന് പൊഖ്റാനിലേക്ക് മേയ് ഒന്നിനുതന്നെ ആയുധങ്ങൾ കൊണ്ടുപോയി. ഒട്ടും ശ്രദ്ധ കിട്ടാതിരിക്കാൻ പരമാവധി ജാഗ്രത പാലിച്ചു. വൻ സുരക്ഷ സന്നാഹങ്ങൾ ഒരുക്കിയില്ല. നാലേ നാല് ട്രക്കുകളാണ് പൊഖ്റാനിേലക്ക് പോയത്. അമേരിക്കൻ ഉപഗ്രഹങ്ങളുടെ കണ്ണുവെട്ടിച്ചാണ് തയാറെടുപ്പുകൾ നടത്തിയത്.
കനപ്പെട്ട ജോലികൾ രാത്രിമാത്രം നടത്തി. ഇതിനായി ഉപയോഗിച്ച വലിയ ഉപകരണങ്ങൾ നേരം പുലരുന്നതോടെ പഴയ സ്ഥലത്ത് എത്തിച്ചു. കുഴിയെടുത്തപ്പോഴുള്ള മണ്ണ് മണൽക്കൂമ്പാരം പോലെയാക്കി. പൊഖ്റാൻ മേഖല വൻ സൈനിക സാന്നിധ്യമുള്ള പ്രദേശമാണ്. ശാസ്ത്രജ്ഞരും യുദ്ധമേഖലയിൽ ഉപയോഗിക്കുന്ന, തിരിച്ചറിയാൻ പ്രയാസമുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഇതും ദൗത്യത്തിന് മേൽ ശ്രദ്ധ പതിയാതിരിക്കാനുള്ള ആലോചനയുടെ ഭാഗമായിരുന്നു.
‘മേജർ ജനറൽ പൃഥ്വിരാജ്’ എന്ന രഹസ്യപേരിലാണ് ഡോ. എ.പി.ജെ അബ്ദുൽ കലാം അവിടെ എത്തിയത്. അന്ന് പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും ഡി.ആർ.ഡി.ഒ മേധാവിയുമായിരുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമും ആണവോർജ കമീഷെൻറയും ആണവോർജ വകുപ്പിെൻറയും അധ്യക്ഷനായിരുന്ന ഡോ. ആർ. ചിദംബരവുമായിരുന്നു പദ്ധതിയുടെ ചീഫ് കോ-ഒാഡിനേറ്റർമാർ.
മേയ് 11ന് മൂന്നും 13ന് രണ്ടും ആയുധങ്ങൾ പരീക്ഷിച്ചു. ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം ‘ചിരിക്കുന്ന ബുദ്ധൻ’ എന്ന പേരിലാണ് അറിയപ്പെട്ടത്. രണ്ടാമത്തെ പരീക്ഷണശേഷം ‘ബുദ്ധൻ വീണ്ടും ചിരിച്ചു’ എന്ന് മാധ്യമങ്ങൾ വിശേഷണം നൽകി. ‘പൊഖ്റാൻ-രണ്ട്’ പരീക്ഷണം ‘ശക്തി-98’ എന്ന പേരിലും അറിയപ്പെട്ടു. ‘ശക്തി-ഒന്ന്’ മുതൽ ‘ശക്തി-അഞ്ച്’ വരെയുള്ള ആണവായുധങ്ങളാണ് പൊഖ്റാനിൽ പരീക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.