സുർജിത് ഭവനിലെ പൊലീസ് നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധം -എം.എ. ബേബി
text_fieldsന്യൂഡൽഹി: ഡൽഹിയിലെ സി.പി.എം പഠനകേന്ദ്രമായ സുർജിത് ഭവനിലുണ്ടായ പൊലീസ് നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് പൊളിറ്റ്ബ്യുറോ അംഗം എം.എ. ബേബി. സുർജിത് ഭവനിൽ 'വീ 20' എന്ന പേരിൽ ഒരു സെമിനാർ നടക്കുകയായിരുന്നു. സമാധാനപരമായി രണ്ടു ദിവസമായി നടന്നുവരുന്ന ഈ സെമിനാറിന് അനുമതി ഇല്ല എന്ന് ആരോപിച്ചാണ് സുർജിത് ഭവന്‍റെ ഗേറ്റ് അടച്ചുപൂട്ടി യോഗത്തിനെത്തിയവരെ പൊലീസ് തടഞ്ഞത്.
ഒരു ഹാളിനുള്ളിൽ നടക്കുന്ന യോഗത്തിന് പൊലീസ് അനുമതി വാങ്ങണം എന്ന് ചട്ടമില്ല. പൊതുസ്ഥലത്ത് നടക്കുന്ന ഉച്ചഭാഷിണി ഉപയോഗിച്ചുള്ള യോഗങ്ങൾക്കാണ് പൊലീസ് അനുമതി വാങ്ങേണ്ടത്. വിമർശനങ്ങളെ ഭയപ്പെടുന്ന നരേന്ദ്ര മോദി സർക്കാർ എന്തെങ്കിലും ന്യായം കണ്ടെത്തി എതിരഭിപ്രായങ്ങളെ തടയാൻ ശ്രമിക്കുന്നതാണിത്.
ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെയും ഇടതുപക്ഷ- ജനാധിപത്യ-മതേതര-സ്വതന്ത്ര ചിന്താഗതിക്കാരുടേയും സാംസ്കാരിക പ്രവർത്തകരുടേയും ശബ്ദത്തെ അടിച്ചമർത്താനും ചലനങ്ങളെ ചങ്ങലക്കിടാനുമാണ് നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും പൊലീസ് ശ്രമിക്കുന്നത്. ഇത്തരം ഭീഷണികൾക്ക് മുന്നിൽ ഞങ്ങൾ മുട്ടുമടക്കില്ല എന്ന കാര്യം ആർ.എസ്.എസുകാരെ അറിയിക്കുന്നു. ആശയസംവാദത്തെ തടസ്സപ്പെടുത്തുന്ന ഈ നടപടിക്കെതിരെ എല്ലാ ജനാധിപത്യവാദികളും പ്രതിഷേധിക്കണം എന്ന് അഭ്യർഥിക്കുന്നുവെന്നും എം.എ. ബേബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.