കൃത്രിമ സൂര്യപ്രകാശത്തിലൂടെ വീട്ടിൽ കഞ്ചാവ് കൃഷി; മലയാളി ഉൾപ്പെടെ മെഡിക്കൽ വിദ്യാർഥികൾ അറസ്റ്റിൽ
text_fieldsമംഗളൂരു: ശിവമൊഗ്ഗ നഗരത്തിൽ കുറുപുരയിൽ സുബ്ബയ്യ മെഡിക്കൽ കോളജ് പരിസരത്ത് വീട് വാടകക്കെടുത്ത് കഞ്ചാവ് കൃഷിയും വിൽപനയും നടത്തിവന്ന മലയാളി ഉൾപ്പെടെ മൂന്ന് മെഡിക്കൽ വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇടുക്കി സ്വദേശി കെ. വിനോദ് കുമാർ (27), തമിഴ്നാട്ടുകാരായ കൃഷ്ണഗിരിയിലെ വിഘിനരാജ് (28), ധർമപുരിയിലെ പാണ്ടിദൊരൈ (27) എന്നിവരാണ് അറസ്റ്റിലായത്. 227 ഗ്രാം ഉണങ്ങിയ കഞ്ചാവ്,1.5 കിലോഗ്രാം പച്ചില കഞ്ചാവ്, 10 ഗ്രാം ചരസ്, കഞ്ചാവ് വിത്തുകൾ, ആറ് ടേബ്ൾഫാനുകൾ, രണ്ട് സ്റ്റെബ്ലൈസറുകൾ, മൂന്ന് എൽ.ഇ.ഡി ട്യൂബ് ലൈറ്റുകൾ, ഹുക പൈപ്പുകൾ, പുകപാത്രങ്ങൾ, 19,000 രൂപ എന്നിവ പിടിച്ചെടുത്തു. വെബ്സൈറ്റിൽനിന്ന് ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ചാണ് മൂവരും വീടിനകത്ത് കഞ്ചാവ് കൃഷി ചെയ്യുന്ന രീതി പരീക്ഷിച്ചതെന്ന് ഷിവമൊഗ്ഗ ജില്ല പൊലീസ് സൂപ്രണ്ട് ജി.കെ. മിഥുൻ കുമാർ പറഞ്ഞു.
ഓൺലൈനായി കഞ്ചാവ് വിത്തുകൾ വാങ്ങി വീടിന്റെ ഒരു മുറിയിൽ ടെന്റ് കെട്ടി ഹൈടെക് രീതിയിൽ കൃത്രിമ സൂര്യപ്രകാശം കൊണ്ടുവന്ന് ലൈറ്റുകളും സ്ഥാപിച്ച് കഞ്ചാവ് ചെടികൾ വളർത്തുകയായിരുന്നു. കൃത്രിമ വായുവിനായി ആറിലധികം ഫാനുകൾ സ്ഥാപിച്ചിരുന്നു. മൂന്നര മാസമായി ഇവർ വീട്ടിൽ കഞ്ചാവ് വളർത്തുകയും സഹപാഠികൾ വഴി പുറത്ത് വിൽപന നടത്തുകയും ചെയ്തുവരുന്നതായി പൊലീസ് പറഞ്ഞു.
കൃഷിക്കും മയക്കുമരുന്ന് ഉപയോഗത്തിനുമുള്ള സാധനങ്ങളാണ് പിടിച്ചെടുത്തവയെല്ലാം. ശിവമൊഗ്ഗയിൽ ഇത് ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമാണ്. ജനങ്ങൾ ജാഗ്രത പുലർത്തുകയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ രക്ഷിതാക്കൾ ഇടക്ക് കാര്യങ്ങൾ അന്വേഷിക്കുകയും വേണമെന്ന് ജില്ല പൊലീസ് സൂപ്രണ്ട് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.