ഭാര്യ ഉപേക്ഷിച്ചുപോയത് സ്ത്രീ വിരോധമായി മാറി; സീരിയൽ കില്ലർ കൊന്നുതള്ളിയത് 18 സ്ത്രീകളെ
text_fieldsഹൈദരാബാദ്: 18ഓളം സ്ത്രീകളെ കൊന്നുതള്ളിയ സീരിയൽ കില്ലറെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. 45 കാരനായ എം.രാമുലു എന്ന കുപ്രസിദ്ധ കുറ്റവാളിയെയാണ് ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് സത്രീകളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരവേ ജയിലിൽ നിന്ന് രക്ഷപ്പെട്ട ഇയാളെക്കുറിച്ച് വിശദമായി അന്വേഷിച്ചപ്പോഴാണ് 16പേരെക്കൂടി കൊലപ്പെടുത്തിയിട്ടുണ്ടെന്ന് അറിഞ്ഞത്.
2011 മുതൽ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് മുങ്ങിനടക്കുകയായിരുന്നു ഇയാൾ. കൊലക്കേസിൽ ശിക്ഷയനുഭവിച്ച് വരവെ മാനസികാരോഗ്യ ആശുപത്രിയിൽ ചികിത്സക്കായി എത്തിയപ്പോൾ ഇയാൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് അന്വേഷിച്ചെങ്കിലും തുെമ്പാന്നും കിട്ടിയില്ല. സ്ത്രീകളെ മദ്യവും മറ്റും നൽകി പ്രലോഭിപ്പിച്ച ശേഷം ഇവരെ കൊലപ്പെടുത്തി സ്വർണം കവർന്ന് മടങ്ങുന്നതായിരുന്നു രാമുലുവിന്‍റെ രീതിയെന്ന് ഹൈദരാബാദ് പൊലീസ് കമീഷണർ അഞ്ജാനി കുമാർ പ്രതികരിച്ചു.
ഈ വർഷം ജനുവരിയിൽ ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷനിൽ വെങ്കടമ്മ എന്നുപേരുള്ള തന്‍റെ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ഒരാൾ പരാതിയുമായി എത്തിയതോടെയാണ് സംഭവത്തിന്‍റെ ചുരുളഴിയുന്നത്. ഏതാനും ദിവസങ്ങൾക്ക് ശേഷം വെങ്കടമ്മയുടെ മൃതദേഹം അടുത്ത ഗ്രാമത്തിലെ റെയിൽവേ ട്രാക്കിൽ കണ്ടെത്തി. കൊലപാതകരീതി കണ്ട് പൊലീസ് രാമലുവിനെ സംശയിക്കുകയായിരുന്നു. സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് രാമുലു പിടിയിലായത്. 2020 ഡിസംബർ 10നും ഇതേരീതിയിൽ 35കാരിയായ മറ്റൊരു സ്ത്രീയെക്കൂടി രാമുലു കൊന്നിട്ടുണ്ട്. ഈ സ്ത്രീയെ ഇനിയും തിരിച്ചറിയാനായിട്ടില്ല.
21ാം വയസ്സിൽ രാമുലു വിവാഹിതനായിരുന്നു. ഏതാനും മാസങ്ങൾക്ക് ശേഷം ഇയാളുടെ ഭാര്യ മറ്റൊരാളുടെ കൂടെ ഒളിച്ചോടി. ഈ സംഭവം രാമുലുവിന്‍റെ മാനസിക നിലയെ സ്വാധീനിച്ചിട്ടുണ്ടെന്നും സ്ത്രീകളോട് പ്രത്യേക വിരോധമുണ്ടാക്കിയെന്നും പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.