ജഹാംഗീര്‍പുരിയിലെത്തിയ സി.പി.ഐ നേതാക്കളെ തടഞ്ഞ് പൊലീസ്
text_fieldsന്യൂഡല്‍ഹി: ജഹാംഗീര്‍പുരിയിലെത്തിയ സി.പി.ഐ നേതാക്കളെപൊലീസ് തടഞ്ഞു. ഡി. രാജ, ആനി രാജ, ബിനോയ് വിശ്വം എന്നിവരുള്‍പ്പെടുന്ന സംഘത്തെയാണ് പൊലീസ് തടഞ്ഞത്. പൊളിക്കല്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായി എത്തിയ നേതാക്കളെ പൊലീസ് തടയുകയായിരുന്നു. പൊലീസ് സ്ഥാപിച്ച് ബാരിക്കേഡുകള്‍ നീക്കണമെന്ന് സിപിഐ നേതാക്കള്‍ ആവശ്യപ്പെട്ടു. പൊലീസ് ഇത് അനുവദിക്കാത്തിനെ തുടർന്ന് നേതാക്കളും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.
'ക്രമസമാധാന പാലനത്തെക്കുറിച്ചും രാജ്യത്തെ നിയമത്തെക്കുറിച്ചും കോടതിയെക്കുറിച്ചും ഞങ്ങള്‍ക്കറിയാം. എന്നാല്‍ വീടും താമസസ്ഥലവും നഷ്ടപ്പെട്ട പാവങ്ങളെ കാണാനാണ് ഞങ്ങളെത്തിയത്. കണ്ടിട്ടേ പോവൂ. അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കമെങ്കില്‍ അറസ്റ്റ് ചെയ്യട്ടേ, ഞങ്ങള്‍ ഭീരുക്കളല്ല' ബിനോയ് വിശ്വം പ്രതികരിച്ചു.
പിക്നിക്കിന് വന്നതല്ല, ജനങ്ങളെ കാണാന്‍ വന്നതാണെന്ന് പൊലീസിനോട് ഡി. രാജ പറഞ്ഞു.
സംഘർഷത്തിനൊടുവിൽ സി.പി.ഐ നേതാക്കളെ പൊലീസ് കടത്തിവിട്ടു. ഡി.രാജ, ബിനോയ് വിശ്വം. പല്ലബ് സെന്‍ഗുപ്ത, ആനി രാജ എന്നിവരുള്‍പ്പെടുന്ന സംഘം അകത്തേക്ക് കടന്ന് ആളുകളെ കാണുകയാണെന്ന് ഡി. രാജ ട്വീറ്റ് ചെയ്തു.
അനധികൃമായി നിര്‍മിച്ചതാണെന്നാരോപിച്ച് ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകര്‍ത്തിരുന്നു. ജഹാംഗീര്‍പുരിയില്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെക്കാനുള്ള സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് ബി.ജെ.പി ഭരിക്കുന്ന വടക്കൻ ഡൽഹി മുനിസിപ്പല്‍ കോര്‍പറേഷനാണ് നടപടിയെടുത്തത്.
ജഹാംഗീര്‍പുരിയില്‍ ഇപ്പോഴും കനത്ത പൊലീസ് സുരക്ഷ തുടരുകയാണ്. സിസിടിവി ക്യാമറകള്‍ വച്ച് നിരീക്ഷണം ശക്തമാക്കി. സ്ഥലത്തേക്ക് കൂടുതല്‍ പ്രതിപക്ഷ പ്രതിനിധി സംഘങ്ങള്‍ എത്തിച്ചേരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.