അസമിലെ പൊലീസ് ക്രൂരത: അസം ഭവനിലേക്ക് മാർച്ച് നടത്തിയ ഫ്രറ്റേണിറ്റി നേതാക്കൾ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: അസമിലെ ഭരണകൂട ഭീകരതക്കെതിരെ ഡൽഹിയിലും അലിഗഡിലും വിദ്യാർഥി പ്രതിഷേധം. വെള്ളിയാഴ്ച ഉച്ചക്ക് ഡൽഹിയിലെ അസം ഭവനിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെൻറിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ദേശീയ പ്രസിഡൻറ് ശംസീർ ഇബ്രാഹീം, സെക്രട്ടറി അബുതൽഹ അബ്ദ, നേതാക്കളായ ശർജീൽ ഉസ്മാനി, അഫ്രീൻ ഫാത്തിമ, ആർ.എസ് വസീം, ആയിഷ റെന്ന, ഇ.കെ റമീസ്, റാനിയ സുലൈഖ, നിദ പർവീൻ, ബിലാൽ ഇബ്നു ശാഹുൽ, ഫസ്മിയ തുടങ്ങി നിരവധി പേരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
അസമിലെ ഭരണകൂട ഭീകരത അവസാനിപ്പിക്കുക, കുടിയൊഴിപ്പിക്കൽ നിർത്തിവെക്കുക, കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി സീകരിക്കുക തുടങ്ങി മുദ്രാവക്യം വിളിച്ച് നൂറകണക്കിന് ഫ്രറ്റേണിറ്റി പ്രവർത്തകരാണ് വെള്ളിയാഴ്ച ഉച്ചക്ക് അസം ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. പൊലീസ് ക്രൂരതക്കെതിരെ അലിഗഡ് മുസ്ലിം സർവകലാശാലയിലെ വിദ്യാർഥികളും പ്രതിഷേധിച്ചു.
വ്യാഴാഴ്ച രാവിലെയാണ് ധറാങ്ങിലെ സിപാജറിൽ കുടിയൊഴിപ്പിക്കല്‍ എതിര്‍ത്ത ഗ്രാമവാസികള്‍ക്കുനേരെ പ്രകോപനമില്ലാതെ പൊലീസ് വെടിയുതിര്‍ത്തത്. നിരവധി പേർക്ക് പരിക്കേൽക്കുകയും രണ്ടുപേർ തൽക്ഷണം കൊല്ലപ്പെടുകയും ചെയ്തു. സദ്ദാം ഹുസൈൻ, ശൈഖ് ഫരീദ് എന്നിവരാണ് മരിച്ചത്.
ഇതിൽ ഒരാളുടെ മൃതദേഹം പൊലീസിന്‍റെ കൂടെയുള്ള ഫോട്ടോഗ്രാഫർ ചവിട്ടിമെതിച്ചിരുന്നു. വെടിയേറ്റ് നിലത്തുവീണ പ്രതിഷേധക്കാരനെ ഇരുപതോളം പൊലീസുകാർ വളഞ്ഞിട്ടു തല്ലുന്നതും പുറത്തുവന്നിരുന്നു. ബംഗാളി സംസാരിക്കുന്ന മുസ്ലിംകളാണ് കുടിയൈാഴിപ്പിക്കപ്പെട്ടവരിൽ അധികവും. എണ്ണൂറോളം കുടുംബത്തിലായി രണ്ടായിരത്തോളം പേരെയാണ് കുടിയൊഴിപ്പിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മൂന്നു മാസത്തിനിടെ ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന രണ്ടാമത്തെ ഒഴിപ്പിക്കലാണിത്. ഇക്കഴിഞ്ഞ ജൂണില്‍ 49 മുസ്ലിം കുടുംബത്തെയും ഒരു ഹിന്ദു കുടുംബത്തെയും ഒഴിപ്പിച്ചു. ഒഴിപ്പിക്കലിൽ മാറ്റമുണ്ടാവില്ലെന്നും പൊലീസ് അവരുടെ ജോലിയാണ് ചെയ്തതെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഗുവാഹതിയിൽ പറഞ്ഞു. 800 കുടുംബങ്ങളെ ഒഴിപ്പിച്ച ജില്ല ഭരണകൂടം അനധികൃത നിർമാണമെന്ന് ആരോപിച്ച് സിപാജറിൽ മൂന്നു പള്ളികളും തകർത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.