കണ്ണൻ ഗോപിനാഥനെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തു
text_fieldsഅഹമ്മദാബാദ്: മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും മലയാളിയുമായ കണ്ണൻ ഗോപിനാഥനെതിരെ കേസെടുത്തു. ഗുജറാത്ത് പൊലീസാണ് കേസെടുത്ത്. സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തുവെന്ന് ആരോപിച്ചാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്.
സിവിൽ സർവിസിൽനിന്ന് രാജിവെച്ച് പൊതുപ്രവർത്തനത്തിനിറങ്ങിയ കണ്ണൻ ഗോപിനാഥനോട് തിരികെ സർവിസിൽ പ്രവേശിക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. കണ്ണൻ ഗോപിനാഥന്‍റെ രാജി സ്വീകരിച്ചിട്ടില്ലെന്നും കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സർവിസിൽ തിരികെ പ്രവേശിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് ലഭിച്ചത്. എന്നാൽ, ആവശ്യം നിരസിക്കുന്നതായും െഎ.എ.എസ് ഓഫിസർ എന്ന പദവി ഇല്ലാതെ തന്നെ കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമാകുമെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു.
തിരികെ ജോലിയിൽ പ്രവേശിക്കാനുള്ള നിർദേശം നല്ല ഉദ്ദേശത്തോടെയാണെന്ന് കരുതുന്നില്ലെന്ന് കണ്ണൻ ഗോപിനാഥൻ പറഞ്ഞു. സർവിസിൽ പ്രവേശിപ്പിച്ച് പീഡിപ്പിക്കുകയാകാം ലക്ഷ്യം. കോവിഡ് കാലത്തെ സേവനമാണ് അവർ ഉദ്ദേശിക്കുന്നതെങ്കിൽ താൻ ഇപ്പോൾ തന്നെ ആ പ്രവർത്തനങ്ങളിൽ സജീവമാണ്. മഹാരാഷ്ട്രയിൽ എൻ.ജി.ഒയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. ഐ.എ.എസ് എന്ന ടാഗ് ഇല്ലാതെ തന്നെ പ്രവർത്തിക്കാനാണ് താൽപര്യം.
കോവിഡുമായി ബന്ധപ്പെട്ട് എവിടെ വേണമെങ്കിലും പ്രവർത്തിക്കാൻ തയാറാണ്. എന്നാൽ, സർവിസിലേക്ക് തിരികെ പ്രവേശിക്കുക എന്നതുണ്ടാകില്ല. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട് -കണ്ണൻ ഗോപിനാഥൻ പറഞ്ഞു.
2012 ബാച്ചിലെ മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥനായ കണ്ണൻ ഗോപിനാഥൻ കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് സർവിസിൽ നിന്ന് രാജിവെച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു രാജി. പിന്നീട് പൊതുജീവിതത്തിൽ സജീവമായ കണ്ണൻ ഗോപിനാഥൻ ബി.ജെ.പിയുടെയും കേന്ദ്ര സർക്കാറിന്‍റെയും പ്രധാന വിമർശകനായി മാറിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്‍റെ പേരിൽ ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.