മീരാറോഡിൽ ‘ഹിന്ദു ആക്രോശ് റാലി’യുമായി ബി.ജെ.പി നേതാവ് രാജ സിങ്; വിദ്വേഷ പ്രസംഗം ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിച്ചു
text_fieldsമുംബൈ: ജനുവരിയിൽ വർഗീയ സംഘർഷം നടന്ന മഹാരാഷ്ട്ര താന ജില്ലയിലെ മീരാറോഡിൽ ‘ഹിന്ദു ജൻ ആക്രോശ് റാലി’ നടത്താനുള്ള വിദ്വേഷ പ്രസംഗകനും ബി.ജെ.പി നേതാവുമായ ടി. രാജ സിങ്ങിന്റെ നീക്കത്തിന് അനുമതി നിഷേധിച്ച് പൊലീസ്. തെലങ്കാനയിലെ ബി.ജെ.പി എം.എൽ.എയായ രാജാ സിങ്ങിനെതിരെ വിവിധ സ്ഥലങ്ങളിൽ മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസുകൾ നിലവിലുണ്ട്. ആക്രോശ് റാലിക്ക് അനുമതി നിഷേധിച്ചുകൊണ്ട് രാജാസിങ്ങിന് നൽകിയ മറുപടിക്കത്തിൽ ഈ കേസുകളും വിദ്വേഷ പ്രസംഗത്തെക്കുറിച്ചുള്ള സുപ്രീം കോടതി ഉത്തരവും പൊലീസ് ചൂണ്ടിക്കാട്ടി.
രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് നടന്ന റാലിയെ തുടർന്ന് ജനുവരിയിൽ മീരാറോഡിൽ വർഗീയ സംഘർഷം നടന്നിരുന്നു. ഇതിന്റെ മുറിവുണങ്ങും മുമ്പാണ് വീണ്ടും വിദ്വേഷം കുത്തിപ്പൊക്കാൻ രാജാസിങ്ങിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 25 ന് മീരാ റോഡിൽ റാലി ആസൂത്രണം ചെയ്തത്. ഇത് ഇരുസമുദായങ്ങൾ തമ്മിലുള്ള സംഘർഷം വർധിപ്പിക്കുമെന്നും വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുമെന്നും പൊലീസ് അറിയിച്ചു.
കൂടാതെ, എസ്.എസ്.സി, എച്ച്.എസ്.സി പരീക്ഷകൾ നടക്കുന്നുണ്ടെന്നും റാലി മൂലം എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അത് വിദ്യാർഥികളെ ബാധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. മുൻകാലങ്ങളിൽ രാജ സിങ് നടത്തിയ വിദ്വേഷ പ്രസംഗങ്ങളെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ സംഘർഷങ്ങൾ ഉടലെടുത്തിരുന്നു.
സി.ആർ.പി.സി സെക്ഷൻ 149 പ്രകാരം ഫെബ്രുവരി 25 ന് പ്രദേശത്ത് നിയമവിരുദ്ധമായി ഒത്തുകൂടരുതെന്നും പൊലീസ് പുറപ്പെടുവിച്ച ഉത്തരവുകൾ പാലിക്കണമെന്നും രാജസിങ്ങിനോടും പരിപാടിയുടെ സംഘാടകരോടും പൊലീസ് നിർദേശിച്ചു. എന്നാൽ, ആര് അനുമതി നിഷേധിച്ചാലും റാലി നടത്തുമെന്നും നിശ്ചയിച്ച പരിപാടിയുമായി മുന്നോട്ടുപോകുമെന്നും രാജാസിങ് പറയുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്.
Whoever can, please go and make the program successful.🙏🏼@TigerRajaSingh 🔥 #JaiSiyaRam pic.twitter.com/d7qjhSRiw4
— Tathvam-asi (@ssaratht) February 21, 2024
പ്രാണ പ്രതിഷ്ഠക്ക് മുമ്പ് ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കി മുസ്‍ലിം ഭൂരിപക്ഷമേഖലയിലൂടെ നടത്തിയ റാലിയാണ് പ്രദേശത്ത് സംഘർഷം ഉടലെടുത്തത്. നിരവധി മുസ്‍ലിം സ്ഥാപനങ്ങൾക്ക് നേരെ അക്രമം നടന്നിരുന്നു. തുടർന്ന് എ.ഐ.എം.ഐ.എം നേതാവ് വാരിസ് പത്താൻ കഴിഞ്ഞയാഴ്ച മീരാ റോഡിലെ നയാ നഗർ പ്രദേശത്ത് പോകാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.