വെടിവെപ്പ്: ഡൽഹി പൊലീസ് ആസ്ഥാനത്ത് പ്രതിഷേധിച്ചവർ കസ്റ്റഡിയിൽ
text_fieldsന്യൂഡൽഹി: ജാമിയ മില്ലിയ യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് നേരെ വ്യാഴാഴ്ചയുണ്ടായ വെടിവെപ്പിനെതിരെ ഡൽഹി പൊലീസ് ആസ്ഥാനത്ത് പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്ത് നീക്കി.
പ്രതിഷേധം രാത്രി മുഴുവൻ തുടർന്ന സാഹചര്യത്തിലാണ് 60 ഓളം വരുന്ന പ്രതിഷേധക്കാരെ വെള്ളിയാഴ്ച രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ഡൽഹി പൊലീസ് ആസ്ഥാനത്തു നിന്ന് രാജേന്ദ്ര നഗർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കസ്റ്റഡിയിലെടുക്കുന്നത് വിസമ്മതിച്ച പ്രതിഷേധക്കാരെ പൊലീസ് ഉദ്യോഗസ്ഥർ ബലമായി വലിച്ചിഴച്ച് ബസുകളിൽ കയറ്റുകയായിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ജാമിയ സർവകലാശാലയിലെ വിദ്യാർഥികൾക്ക് നേരെ വ്യാഴാഴ്ച ഉച്ചക്ക് രാം ഭക്ത് ഗോപാൽ എന്നയാൾ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ ഒരു വിദ്യാർഥിക്ക് പരിക്കേറ്റു. ഇതിന് തൊട്ടുപിന്നാലെ, അക്രമത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. പ്രതിഷേധക്കാരും രാഷ്ട്രീയക്കാരും ഉൾപ്പെടെ ജാമിയ യൂണിവേഴ്സിറ്റിക്ക് പുറത്ത് ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടി.
കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയ ബി.ജെ.പി നേതാക്കളായ അനുരാഗ് താക്കൂർ, കപിൽ മിശ്ര, പർവേഷ് വർമ എന്നിവർക്കെതിരെയും വ്യാഴാഴ്ച പ്രതിഷേധക്കാർക്കെതിരെ വെടിയുതിർത്ത രാം ഭക്ത് ഗോപാൽ എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ജാമിയ മില്ലിയ ഇസ്ലാമിയ അലൂമ്‌നി അസോസിയേഷൻ ന്യൂ ഫ്രണ്ട്സ് കോളനി പൊലീസിനോട് രേഖാമൂലം ആവശ്യപ്പെട്ടു.
വെടിവെപ്പിൽ പരിക്കേറ്റ് എയിംസിൽ പ്രവേശിപ്പിച്ച ശദാബ് ദജർ എന്ന വിദ്യാർഥിയുടെ ചികിത്സാ ചെലവ് സർവകലാശാല വഹിക്കുമെന്ന് വൈസ് ചാൻസലർ നജ്മ അക്തർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.