ലഖിംപൂർ ഖേരി സംഭവത്തിൽ മന്ത്രിപുത്രെൻറ അറസ്റ്റ് വൈകുന്നത് 'തിരക്കുമൂലമെന്ന്' പൊലീസ്
text_fieldsന്യൂഡൽഹി: ലഖിംപുർ ഖേരി സംഭവത്തിൽ കൊലക്കേസ് എടുത്തിട്ടും പ്രതിയായ മന്ത്രിപുത്രനെ അറസ്റ്റു ചെയ്യാൻ വൈകുന്നതിന് പൊലീസിെൻറ ന്യായീകരണം ഇങ്ങനെ: ''തിരക്കിലാണ്''. സംഭവം നടന്നതിനു പിന്നാലെ സമാധാന സാഹചര്യം ഉണ്ടാക്കാൻ കർഷകരുമായി ചർച്ച നടത്തുന്ന തിരക്കിലായിരുന്നു.
മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്നതിെൻറയും സംസ്കാരത്തിെൻറയും തിരക്കിലായി പിന്നെ. അറസ്റ്റു ചെയ്യുന്നതിനു മുമ്പ് അന്വേഷണം നടക്കാനുണ്ട്- ലഖ്നോ അഡീഷനൽ ഡി.ജി.പി എസ്.എൻ സാബത് ഒരു ടി.വി ചാനലിനോട് വിശദീകരിച്ചത് ഇങ്ങനെയാണ്.
അറസ്റ്റ് ചെയ്യേണ്ടത് ഒരു ഉന്നതനെ അല്ലായിരുന്നെങ്കിൽ ഇങ്ങനെ തന്നെയാണോ പൊലീസ് പ്രവർത്തിക്കുകയെന്ന റിപ്പോർട്ടറുടെ ചോദ്യത്തിൽനിന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഒഴിഞ്ഞുമാറി. ഇരയോട് അനുതാപം കാട്ടുകയാണ് പൊലീസ് ആദ്യം ചെയ്യുന്നതെന്നും പ്രതിക്കെതിരായ നടപടി അതിനുശേഷമാണെന്നും വിശദീകരിച്ച് കൂടുതൽ ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്കെതിരായ നടപടിയുടെ കാര്യത്തിൽ യു.പി പൊലീസിെൻറ സമീപനം ഇങ്ങനെയാണെങ്കിൽ, രാജ്യത്തുയർന്ന പ്രതിഷേധങ്ങൾ കണ്ടില്ലെന്ന മട്ടിലാണ് ബി.ജെ.പിയും കേന്ദ്രസർക്കാറും. സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി നേരന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ തുടങ്ങി ആരും പ്രതികരിച്ചിട്ടില്ല.
കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങളെ കാണാൻ ആരെയും അനുവദിക്കാത്ത സർക്കാർ സമീപനവും വ്യാപക പ്രതിഷേധം ഉയർത്തി.
സാന്ത്വനം പകരേണ്ട ഘട്ടത്തിൽ, ഒരു കുടുംബത്തിെൻറ ദുഃഖത്തിൽ പങ്കുചേരാനോ അവരോട് സംസാരിക്കാൻ തന്നെയോ ആരെയും അനുവദിക്കാത്തത് പൗരാവകാശ ലംഘനം കൂടിയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് നിയമവിദഗ്ധർ.
ലഖിംപുരിലേക്കുപോയ പ്രിയങ്കഗാന്ധിയെ ഒരു ദിവസത്തിലേറെ തടഞ്ഞുവെച്ചത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി മുൻജഡ്ജി മദൻ ലോകുർ പറഞ്ഞു.
മറ്റൊരു പൗരനോട് സഹാനുഭൂതി കാണിക്കുന്നത് നിയമവിരുദ്ധമാകുന്നതെങ്ങനെ? രാഷ്്ട്രീയ പാർട്ടിയെന്ന നിലയിൽ ഓരോ പ്രസ്ഥാനത്തിനുമുള്ള ഉത്തരവാദിത്തം നിർവഹിക്കാൻ അനുവദിക്കാത്തത് എന്തുകൊണ്ട്? ദുഃഖത്തിെൻറ വേളയിൽ സമാശ്വസിപ്പിക്കാൻ പോകുന്നത് കുറ്റമാണോ- കോൺഗ്രസ് വക്താവ് അശ്വിനികുമാർ വാർത്തസമ്മേളനത്തിൽ ചോദിച്ചു.
മന്ത്രിപുത്രൻ വാഹനത്തിൽ ഉണ്ടായിരുന്നെന്ന് സാക്ഷിമൊഴി
കർഷകരുടെമേൽ കയറിയിറങ്ങിപ്പോയ വാഹനത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉണ്ടായിരുന്നുവെന്ന് സാക്ഷിമൊഴി. ലഖിംപുരിൽ സംഭവം നടന്ന സ്ഥലത്ത് കരിങ്കൊടി പ്രതിഷേധത്തിൽ പങ്കെടുക്കുകയും കാറിടിച്ച് പരിക്കേൽക്കുകയും ചെയ്ത കർഷകൻ തേജീന്ദർ സിങ്ങിേൻറതാണ് സാക്ഷ്യം. കോടതിയിൽ സാക്ഷിപറയാൻ തയാറാണെന്നും ഗുഡ്ഗാവിലെ മെദാന്ത ആശുപത്രിയിൽ കഴിയുന്ന തേജീന്ദർ പറഞ്ഞു.
സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് തേജീന്ദർ ആരോപിച്ചു. തങ്ങൾ മന്ത്രിമാർക്ക് കരിങ്കൊടി കാണിക്കാൻ തികോനിയ സ്ഥലത്ത് നിൽക്കുകയായിരുന്നു. മൂന്നു മണിയായപ്പോൾ, മന്ത്രിമാർ റൂട്ടു മാറ്റിയ കാര്യം അറിഞ്ഞു. പിരിഞ്ഞുപോകാൻ തുടങ്ങുേമ്പാഴാണ് പിന്നിൽനിന്ന് വന്ന കാർ ഇടിച്ചത്. അതിവേഗത്തിലായിരുന്നു വണ്ടി. മനഃപൂർവം ചെയ്തതാണ്. മന്ത്രിയുടെ മകൻ കാറിലുണ്ടെന്ന് കണ്ടതാണ്. ഥാർ, ഫോർച്യൂണർ, സ്കോർപിയോ വാഹനങ്ങളാണ് കർഷകരെ ഇടിച്ചിട്ടത്. പിന്നീട് വെടിയൊച്ചയും കേട്ടു.
അതേസമയം, ചില അക്രമികൾ വടിയും വാളുമായി ബി.ജെ.പി പ്രവർത്തകരെ ആക്രമിക്കുകയായിരുന്നുവെന്ന് ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ആരോപിച്ചു. തെൻറ മകൻ അവിടെയുണ്ടായിരുന്നെങ്കിൽ, ജീവൻ എടുത്തേനെ. ഉപമുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന സ്ഥലത്തായിരുന്നു മകൻ. താനും ഉപമുഖ്യമന്ത്രിക്കൊപ്പമായിരുന്നു- ടി.വി ചാനലുകളോട് മന്ത്രി പറഞ്ഞു. മന്ത്രിയുടെ രാജിക്ക് സമ്മർദം ഉയരുന്നതിനിടയിൽ, മകെൻറ പങ്കിന് തെളിവുണ്ടെങ്കിൽ രാജിവെക്കുമെന്ന നിലപാടിലാണ് അദ്ദേഹം. പുറത്തുവന്ന വിഡിയോ ചിത്രത്തെക്കുറിച്ച് മന്ത്രി പ്രതികരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.