ഇസ്രായേൽ എംബസിക്കു സമീപത്തെ സ്ഫോടനം: അജ്ഞാതർക്കെതിരെ കേസ്
text_fieldsന്യൂഡൽഹി: ഡൽഹിയിലെ ഇസ്രായേൽ എംബസിക്കു സമീപമുണ്ടായ സ്ഫോടനത്തിൽ അജ്ഞാതരായ ആളുകൾക്കെതിരെ കേസെടുത്ത് പൊലീസ്. വെള്ളിയാഴ്ച രാത്രിയാണ് ഐ.പി.സി 427ലെ മൂന്നാം വകുപ്പനുസരിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ജീവനും സ്വത്തും അപായപ്പെടുത്താൻ ലക്ഷ്യമിട്ട് നടത്തുന്ന സ്ഫോടനത്തെ സൂചിപ്പിക്കുന്ന വകുപ്പാണിത്.
ചൊവ്വാഴ്ച വൈകീട്ടാണ് പൃഥ്വിരാജ് റോഡിലെ വീടുകൾക്കരികെ സ്ഫോടനമുണ്ടായത്. മരങ്ങൾ നിറഞ്ഞ ഈ പ്രദേശത്ത് സി.സി.ടി.വിയില്ല. ഡോ. എ.പി.ജെ അബ്ദുൾ കലാം റോഡിനരികെയുള്ള ഇസ്രായേൽ എംബസിക്ക് പുറകിലാണ് ഈ പ്രദേശം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും സ്ഥലത്തുനിന്ന് ഇസ്രായേൽ അംബാസഡർക്ക് എഴുതിയ, ഗസ്സ സംഭവങ്ങൾ സൂചിപ്പിക്കുന്ന കത്ത് കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളാകെ ഡൽഹി പൊലീസ് പരിശോധിച്ചിട്ടുണ്ട്. ഇതിൽനിന്ന്, ജാമിയ നഗറിൽനിന്ന് ഓട്ടോയിൽ എത്തിയ ഒരാളെ സംശയമുനയിൽ നിർത്തിയതായി പറയുന്നു.
നിരവധി ഓട്ടോ ഡ്രൈവർമാരെ പൊലീസ് ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ, പ്രതികളെ ആരെയും കണ്ടെത്തിയിട്ടില്ല. സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് വാച്ചിന്റെ ഡയലും സ്റ്റീൽ ബെയറിങ്ങും കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതിന് സംഭവവുമായി ബന്ധമുണ്ടോ എന്ന കാര്യം ഉറപ്പിക്കാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.