ഡൽഹി കലാപക്കേസിൽ 17,000 പേജ് കുറ്റപത്രം സമർപ്പിച്ച് പൊലീസ്
text_fieldsന്യൂഡൽഹി: ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഡൽഹി കലാപക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 17000 പേജുകളുള്ള കുറ്റപത്രമാണ് ഡൽഹി പൊലീസ് സ്പെഷൽ സെൽ കർകർഡോമ കോടതിയിൽ സമർപ്പിച്ചത്. സ്റ്റീൽ പെട്ടിയിലാക്കി അടച്ച് കോടതിയിലെത്തിച്ച കുറ്റപത്രത്തിലെ 2,692 പേജുകളും പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ വിവരിക്കുന്നതാണ്.
15 പ്രതികളുടെ പേരുകളാണ് കുറ്റപത്രത്തിലുള്ളത്. 53 പേരുടെ മരണത്തിനും നൂറു കണക്കിനാളുകൾക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കിയ കലാപം ആസൂത്രണം ചെയ്തുവെന്ന കുറ്റമാണ് പ്രതികൾക്കു മേൽ ചുമത്തിയിട്ടുള്ളത്.
കേസുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പൊലീസ് അറസ്റ്റ് ചെയ്ത ഉമർ ഖാലിദ്, ഷർജിൽ ഇമാം എന്നിവരുടെ പേരുകൾ ഇപ്പോൾ സമർപ്പിച്ച കുറ്റപത്രത്തിലില്ല. ഇനി സമർപ്പിക്കാനിരിക്കുന്ന സപ്ലിമെൻററി കുറ്റപത്രത്തിൽ അവരുടെ പേരുകൾ കൂട്ടിച്ചേർക്കുമെന്നാണ് വിവരം.
കഴിഞ്ഞ ഫെബ്രുവരിയിലാണ് രാജ്യത്തെ പിടിച്ചു കുലുക്കിയ വംശീയാക്രമണത്തിന് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചത്. കലാപത്തിൽ നിരവധി വീടുകളും വാഹനങ്ങളും മതസ്ഥാപനങ്ങളും അഗ്നിക്കിരയാവുകയും തകർക്കപ്പെടുകയും ചെയ്തു. ബി.ജെ.പി നേതാവ് കപിൽ മിശ്രയുടെ വിവാദ പ്രസംഗത്തിന് ശേഷമാണ് വംശീയ ആക്രമണങ്ങൾക്ക് തുടക്കം കുറിച്ചത്.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമമനുസരിച്ചുള്ള കുറ്റങ്ങളാണ് കുറ്റപത്രത്തിൽ പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.