മരണപ്പാച്ചിൽ ഇനി വേണ്ട; 1,300 ഡെലിവറി ജീവനക്കാർക്ക് പിഴ ചുമത്തി പൊലീസ്
text_fieldsമുംബൈ: അപകടകരമാംവിധം വാഹനമോടിച്ചതിനും ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും രണ്ടാഴ്ച്ചക്കിടെ 1,300 ഡെലിവറി ജീവനക്കാർക്കെതിരെ പിഴചുമത്തി മുംബൈ പൊലീസ്. സമൂഹമാധ്യമങ്ങളിലൂടെയാണ് പൊലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഏപ്രിൽ 5 മുതൽ 18 വരെയുള്ള കണക്കാണിത്. ഹെൽമറ്റ് ധരിക്കാത്തതിന് 242 കേസുകളും, ട്രാഫിക് നിയമം തെറ്റിച്ചതിന് 1124 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഡെലിവറി സ്ഥാപനമായ സൊമാറ്റോ ജീവനക്കാർക്കെതിരെയാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭക്ഷണത്തിന് വേണ്ടി കാത്തിരിക്കാം പക്ഷേ ജീവൻ പോയാൽ തിരികെ കിട്ടില്ലെന്നുള്ള കുറിപ്പോടെയാണ് പൊലീസ് വിവരം പങ്കുവച്ചത്.
വിവിധ ഡെലിവറി കമ്പനികളിലെ ജീവനക്കാർക്കെതിരെ ചുമത്തപ്പെട്ട കേസുകളും, അവയുടെ എണ്ണവുമടങ്ങിയ ചിത്രവും കുറിപ്പിനോടൊപ്പം പങ്കുവെച്ചിരുന്നു. ഉപഭോക്താവ് പരാതിപ്പെടുന്നതിനാലും സമയനിഷ്ഠമായി ഡെലിവറി നടത്തേണ്ടതിനാലും നിരവധി പേരാണ് പ്രതിദിനം ട്രാഫിക് നിയമങ്ങൾ ലംഘിച്ച് യാത്ര തുടരുന്നത്. ഡെലിവറി സമയം വൈകിയാൽ ജീവനക്കാരുടെ കമീഷനിൽ നിന്നും പിഴ ഈടാക്കുന്നതും മരണപാച്ചിലിന് കാരണമാകുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
ട്രാഫിക് നിയമപ്രകാരം പിഴ ഈടാക്കുന്നത് വഴി ജീവനക്കാരുടെ മേൽ സമ്മർദ്ദം ചെലുത്തുന്നതിൽ നിന്ന് കമ്പനികൾ പിൻവാങ്ങുമെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ ഗതാഗതക്കുരുക്കിൽ നിരന്തരം ഹോണടിച്ചതിന് 200 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പരിഷ്കരിച്ച സൈലൻസറുകൾ ഉപയോഗിച്ചതിന് 124 പേർക്കെതിരെയും കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.