സൊമാറ്റോ ജീവനക്കാരൻ മൂക്കിനിടിച്ചെന്ന പരാതിയിൽ വീണ്ടും ട്വിസ്റ്റ്; യുവതിക്കെതിരെ കേസ്
text_fieldsന്യൂഡൽഹി: ബംഗളൂരുവിൽ സൊമാറ്റോ ഡെലിവറി ബോയി മൂക്കിനിടിച്ചുവെന്ന് പരാതി നൽകിയ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. സൊമാറ്റോ ജീവനക്കാരൻ കാമരാജിന്‍റെ പരാതിയിലാണ് കേസ്.
ആക്രമണം, അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, ക്രിമിനൽ കുറ്റകൃത്യം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. യുവതിയാണ് തന്നെ ആദ്യം മർദിച്ചതെന്നും ചെരുപ്പൂരി അടിക്കുന്നതിനിടെ അവരുടെ തന്നെ മോതിരം മൂക്കിൽ തട്ടിയാണ് യുവതിക്ക് പരിക്കേറ്റതെന്നും കാമരാജ് മൊഴി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് യുവതിക്കെതിരെ കാമരാജ് പരാതി നൽകിയത്.
ഓൺലൈനിൽ ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാൻ വൈകിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ സൊമാറ്റോ ഡെലിവറി ബോയി മർദിച്ചതായി കണ്ടൻറ് ക്രിയേറ്ററും മേക്കപ്പ് ആർട്ടിസ്റ്റുമായ ഹിതേഷ ചന്ദ്രാനെ പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. മൂക്കിന് പരിക്കേറ്റ് ചോരയൊലിപ്പിച്ചുകൊണ്ട് യുവതി അക്രമം വിവരിക്കുന്നതാണ് വിഡിയോ. എന്നാൽ, തന്നെ ചെരുപ്പുകൊണ്ട് അടിക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ വാതിലിൽ തട്ടി യുവതിയുടെ മുഖത്ത് പരിക്കേറ്റതെന്ന് ഡെലിവറി ബോയി മൊഴി നൽകി.
മാർച്ച് ഒമ്പതിന് വൈകീട്ട് 3.30ഒാടെയാണ് സൊമാറ്റോയിൽ ഭക്ഷണം ഒാർഡർ ചെയ്തത്. 4.30ഒാടെ എത്തിക്കേണ്ട ഭക്ഷണം സമയം കഴിഞ്ഞിട്ടും എത്തിയില്ല. ഇതോടെ സൊമാറ്റോ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട് ഒാർഡർ കാൻസൽ ചെയ്യാനോ അതല്ലെങ്കിൽ ഡെലിവറി തുക തിരിച്ചുനൽകാനോ ആവശ്യപ്പെട്ടു. ഇതിനിടയിൽ ഭക്ഷണവുമായി ഡെലിവറി ബോയി എത്തി. വൈകിയതിനാൽ ഒാർഡർ വേണ്ടെന്നും കസ്റ്റമർ കെയറുമായി സംസാരിക്കുകയാണെന്നും അറിയിച്ചെങ്കിലും തിരിച്ചുപോകാതെ ബലമായി വാതിൽ തുറന്ന്് മർദിക്കുകയായിരുന്നുവെന്ന് ഹിതേഷ ചന്ദ്രാനെ പറഞ്ഞു.
അതേസമയം, സംഭവത്തിൽ ഉൾപ്പെട്ട ഡെലിവറി േബായിയെ പുറത്താക്കിയതായി സൊമാറ്റോ അറിയിച്ചിരുന്നു. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും യുവതിയുമായി സംസാരിക്കുമെന്നും സൊമാറ്റോ അധികൃതർ വ്യക്തമാക്കിയിരുന്നു. പിന്നാലെ യുവതിയുടെ പരാതിയിൽ ഇലക്ട്രോണിക് സിറ്റി പൊലീസ് കേസെടുത്ത് ഡെലിവറി ബോയിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
'റോഡ് പണി നടക്കുന്നത് കാരണം പോകുന്ന വഴിയിൽ വൻ ഗതാഗതക്കുരുക്കായിരുന്നു. അവരുടെ അപ്പാർട്ട്മെന്‍റിന്‍റെ വാതിൽക്കൽ എത്തിയ ശേഷം, വൈകിയതിന് ഞാൻ ആദ്യമേ ക്ഷമ ചോദിച്ചു. തുടർന്ന് ഭക്ഷണം കൈമാറി. കാഷ് ഓൺ ഡെലിവറിയായിരുന്നു അവർ തെരഞ്ഞെടുത്തത്. അതിനാൽ പണത്തിനായി കാത്തുനിന്നു. എന്നാൽ, അവർ തരാൻ കൂട്ടാക്കിയില്ല. എന്നുമാത്രമല്ല, എന്നോട് വളരെ പരുഷമായി സംസാരിച്ചു...'- കാമരാജ് ദി ന്യൂസ് മിനിറ്റിനോട് പറഞ്ഞു.
'അവർ തന്നില്ലെങ്കിൽ എന്‍റെ അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടുമെന്നതിനാൽ പണം നൽകണമെന്ന് ഞാൻ അപേക്ഷിച്ചു. ഈ സമയത്ത്, എന്നെ 'അടിമ'യെന്ന് എന്ന് വിളിച്ച് അധിക്ഷേപിച്ചു. എന്നിട്ട് 'തനിക്കെന്ത് ചെയ്യാൻ കഴിയും?' എന്നും ചോദിച്ചു. അതിനിടെ അവരുടെ അഭ്യർത്ഥന പ്രകാരം ഓർഡർ റദ്ദാക്കിയതായി സോമാറ്റോയിൽനിന്ന് എനിക്ക് അറിയിപ്പ് ലഭിച്ചു. തുടർന്ന് ഭക്ഷണം തിരികെ നൽകാൻ ഞാൻ ആവശ്യപ്പെട്ടെങ്കിലും അവർ സഹകരിച്ചില്ല. ഒടുവിൽ ക്ഷമകെട്ട് പോകാനൊരുങ്ങിയപ്പോൾ ഹിതേഷ ഹിന്ദിയിൽ ആക്ഷേപം ചൊരിഞ്ഞു. തുടർന്ന് അപ്രതീക്ഷിതമായി ചെരിപ്പൂരി അടിക്കാൻ തുടങ്ങി. തടയാൻ ശ്രമിക്കുന്നതിനിടെ അവരുടെ മോതിരം അബദ്ധത്തിൽ സ്വന്തം മൂക്കിൽ തട്ടിയാണ് ചോര വന്നത് -കാമരാജ് കൂട്ടിച്ചേർത്തു. രണ്ട് വർഷത്തിലേറെയായി ഈ ജോലി ചെയ്യുന്ന എനിക്ക് ഇത്തരത്തിലുള്ള അനുഭവം ആദ്യാമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.