യു.പിയിൽ പശുക്കടത്തെന്ന് ആരോപിച്ച് പൊലീസ് വെടിവെപ്പ്; രണ്ട് പേർക്ക് പരിക്ക്
text_fieldsലഖ്നോ: പശുവുമായി പോയവർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്ക്. ബിതൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ തിക്ര ഗ്രാമത്തിലാണ് സംഭവം. പ്രദേശത്തെ അറവുശാലക്ക് സമീപം രണ്ട് പേർ രാവിലെ പശുക്കളുമായി പോകുന്നത് കണ്ടെന്നും തടയാൻ ശ്രമിച്ചപ്പോൾ പൊലീസിന് നേരെ വെടിയുതിർത്തെന്നുമാണ് കാൺപൂർ ഡി.സി.പി ബി.ബി.ജി.ടി.എസ്. മൂർത്തി പറയുന്നത്. തുടർന്ന്, പൊലീസ് നടത്തിയ വെടിവെപ്പിലാണ് ഫരീദ്, ശെരീഫ് എന്നീ രണ്ടു പേർക്ക് കാലിൽ പരിക്കേറ്റതെന്ന് ഡി.സി.പി വ്യക്തമാക്കി.
അറസ്റ്റിലായവർ പശുക്കടത്ത് നടത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായതായി ഡി.സി.പി വ്യക്തമാക്കി. പ്രതികളിൽ നിന്ന് രണ്ട് തോക്കുകൾ, വെടിയുണ്ടകൾ, മഴു, കത്തി എന്നിവ കണ്ടെടുത്തെന്നും അദ്ദേഹം അറിയിച്ചു. ഓപറേഷനിൽ പങ്കെടുത്ത പൊലീസ് സംഘത്തിന് കമീഷണർ വിജയ് സിങ് മീണ 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.
അതേസമയം, കാൺപൂരിലെ ചൗബേപ്പൂർ ബ്ലോക്കിലെ ബാനി ഗ്രാമത്തിൽ അറവുശാലയിൽ പശുവിന്‍റെ മാംസം കണ്ടെത്തിയെന്നാരോപിച്ച് ഒരു സംഘം നാട്ടുകാർ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതികൾക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും കമീഷണർ വിജയ് സിങ് മീണ അന്ന് വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ പ്രതിഷേധവുമായി ബജ്റംഗ് ദൾ അടക്കം രംഗത്തെത്തിയിരുന്നു. ഈ സംഭവങ്ങൾക്ക് തൊട്ടുപിന്നാലെയാണ് പശുവിനെ കടത്തിയെന്ന് ആരോപിച്ച് പൊലീസ് നടത്തിയ വെടിവെപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.